കൊൽക്കത്തയിലെ പീഡനം: പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാൻ സിബിഐ
സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. ക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താൻ സിബിഐ നീക്കം. ഇന്ന് നുണ പരിശോധന നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. നേരത്തെ, പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.
സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. ക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അക്രമണത്തിന് പിന്നിൽ ഒന്നിലേറെപ്പേരുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, കേസിൽ ഒരുപ്രതി മാത്രമാണെന്നായിരുന്നു പൊലീസ് നിലപാട്. സിബിഐയും ഇതുവരെ മറ്റാരെയും കേസിൽ നേരിട്ട് പ്രതി ചേർത്തിട്ടില്ല.
Read More.... കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഗാംഗുലി, രൂക്ഷവിമര്‍ശനത്തിന് പിന്നാലെ നിലപാട് മാറ്റം
കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അതേസമയം ബംഗാളിലെ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഇന്ന് രാഷ്ട്രപതിയെ കാണും. അമിത് ഷായേയും ഗവര്‍ണര്‍ കാണുന്നുണ്ട്. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധവും തുടരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ സമാന്തര ഒപി സജ്ജമാക്കിയുള്ള ഡോക്ടർമാരുടെ സമരം ഇന്നും തുടരും.