Asianet News MalayalamAsianet News Malayalam

പ്രണോയ് റോയിക്കെതിരെ വീണ്ടും സിബിഐ; കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപണം

സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമപ്രവര്‍ത്തനത്തെ, കള്ളക്കേസുണ്ടാക്കി അടിച്ചമര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് എന്‍ഡിടിവി പ്രതികരിച്ചു.

cbi files case against prannoy roy for violating fdi norms
Author
Delhi, First Published Aug 21, 2019, 4:49 PM IST

ദില്ലി: വിദേശനിക്ഷേപം സ്വീകരിക്കുന്നെന്ന വ്യാജേന കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധിക റോയിക്കുമെതിരെ സിബിഐ കേസെടുത്തു. സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമപ്രവര്‍ത്തനത്തെ കള്ളക്കേസുണ്ടാക്കി അടിച്ചമര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് എന്‍ഡിടിവി പ്രതികരിച്ചു.

കള്ളപ്പണനിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി എന്‍ഡിടിവി മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയ്ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. 2004നും 2010നുമിടയില്‍ വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് എന്‍ഡിടിവി അനധികൃതമായി വിദേശനിക്ഷേപം സ്വീകരിച്ചു എന്നാണ് സിബിഐ എഫ്ഐആറില്‍ പറയുന്നത്. ഹോളണ്ട്, ബ്രിട്ടന്‍, ദുബായ്,മലേഷ്യ, മൗറിഷ്യസ് എന്നീ രാജ്യങ്ങളിലെ 32 കമ്പനികളില്‍ നിന്നാണ് എന്‍ഡിടിവി പണം സ്വീകരിച്ചത്. ഈ രാജ്യങ്ങളില്‍ നികുതി നിയമം ശക്തമല്ല. പണം നല്‍കിയ കമ്പനികളെല്ലാം കടലാസ് കമ്പനികള്‍ മാത്രമാണ്. എന്‍ഡിടിവിയുമായി ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ഇടപാടുകള്‍ ഇവയൊന്നും നടത്തിയിട്ടില്ല. പണം കൈമാറാന്‍ വേണ്ടി മാത്രമാണ് ഇടപാടുകള്‍ നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും സിബിഐ ആരോപിക്കുന്നു. 

 പൊതുപ്രവര്‍ത്തകരോ രാഷ്ട്രീയനേതാക്കളോ സംഭാവന ചെയ്ത കള്ളപ്പണം വെളുപ്പിക്കാന്‍ എന്‍ഡിടിവി നടത്തിയ തന്ത്രമാണ് ഈ കടലാസ് കമ്പനികളെന്ന് സിബിഐ ആരോപിക്കുന്നു. ഇങ്ങനെ, 1939 കോടി രൂപയാണ് വിവിധ വിദേശ കമ്പനികളില്‍ നിന്നായി എന്‍ഡിടിവിയുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നും സിബിഐ പറയുന്നു.

ഇതുവരെ പല ആരോപണങ്ങളും ഉന്നയിച്ച് കേസെടുത്ത് അന്വേഷിച്ചിട്ടും തങ്ങള്‍ക്കെതിരെ തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ കള്ളക്കേസുമായി സിബിഐ എത്തിയിരിക്കുന്നതെന്ന് എന്‍ഡിടിവി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രമോട്ടര്‍മാരായ പ്രണോയ് റോയിയും രാധികാ റോയിയും എന്‍‍ഡിടിവിയും ഇതുവരെയുള്ള എല്ലാ കേസ് അന്വേഷണത്തോടും സഹകരിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സ്വകാര്യ ബാങ്കിന് ഭീമമായ നഷ്ടം വരുത്തിയെന്നാരോപിച്ച് 2017ല്‍ സിബിഐ പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരെ കേസെടുത്തിരുന്നു. 2008ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്നെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് അടിസ്ഥാനം. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഈ വര്‍ഷം ജൂണില്‍, പ്രണോയിക്കും രാധികയ്ക്കുമെതിരെ സെബി വിലക്കേര്‍പ്പെടുത്തിയിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് എൻഡിടിവിയുടെ തലപ്പത്ത് തുടരുന്നതിൽ നിന്നാണ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) വിലക്കിയത്. ഈ കാലയളവില്‍ സെക്യൂരിറ്റി മാർക്കറ്റിൽ നിക്ഷേപം നടത്തുകയോ മറ്റ് ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും സെബി ഉത്തരവിട്ടു. ഫണ്ട് സ്വീകരിച്ചതിൽ ചില ചട്ടങ്ങൾ ലംഘിച്ചതിനായിരുന്നു സെബിയുടെ നടപടി. 

Follow Us:
Download App:
  • android
  • ios