ദില്ലി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകൾ കവിതാ റാവുവിനെ സി ബി ഐ ചോദ്യം ചെയ്തു. ഹൈദരാബാദിലെ വീട്ടിലെത്തിയാണ് കവിതാ റാവുവിനെ ചോദ്യം ചെയ്തത്. ദില്ലി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രോഡീകരീച്ച് ഒരു ചോദ്യാവലി തയ്യാറാക്കിയായിരുന്നു സി ബി ഐ സംഘം എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും പ്രവർത്തകർ സമാധാനപരമായി കാര്യങ്ങളെ കാണണമെന്നും കവിതാറാവു പറഞ്ഞു.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സി ബി ഐ കവിതയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് സി ബി ഐ സംഘം വീട്ടിലെത്തിയത്. നവംബർ 25 ന് ഇ ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കവിതയുടെ പേരുള്ളത്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് സൗത്ത് ഗ്രൂപ്പ് എന്ന് പേരുള്ള സംഘത്തിൽ നിന്നും കേസിലെ പ്രതിയായ വിജയ് നായർ 100 കോടി രൂപ കൈപറ്റിയിട്ടുണ്ടെന്നും കവിതയും മകുന്ദു ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണ് സൗത്ത് ഗ്രൂപ്പിനു പിറകിലെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കവിതയ്ക്ക് സി ബി ഐ നോട്ടിസ് അയച്ചതും ചോദ്യം ചെയ്യാൻ എത്തിയതും.

വിവാഹാലോചന നിരസിച്ചു, അക്രമി സംഘം ഇരച്ചുകയറി, വീട് തകർത്ത് വനിതാ ഡോക്ടറെ തട്ടികൊണ്ടുപോയി; 14 പേർ പിടിയിൽ

അതേസമയം കഴിഞ്ഞ ദിവസം തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര' യുമായി ബന്ധപ്പെട്ട കേസില്‍ എൻ ഡി എ കേരള കണ്‍വീനറായ തുഷാര്‍ വെള്ളപ്പാള്ളിക്ക് താൽക്കാലിക ആശ്വാസമാകുന്ന നടപടി തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരുന്നു. 'ഓപ്പറേഷന്‍ താമര' യുമായി ബന്ധപ്പെട്ട കേസില്‍ തെലങ്കാന പൊലീസിന്‍റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഈ മാസം 13 വരെ അറസ്റ്റ് പാടില്ലെന്നാണ് തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തെലങ്കാന സര്‍ക്കാരിനെ അട്ടമറിക്കുക എന്ന ഉദ്ദേശത്തോടെ ടി ആർ എസിന്‍റെ നാല് എം എല്‍ എ മാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഏജന്‍റുമാരെ നിയോഗിച്ചെന്നാണ് ആരോപണം.