ദില്ലി: ഡിഎച്ച്എഫ്എല്ലിന് 4500 കോടി രൂപ വായ്പ അനുവദിച്ച കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വായ്പ അനുവദിച്ചതിൽ ഡിഎച്ച്എഫ്എല്ല് പ്രൊമോട്ടർ കപിൽ വധാവനും യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറും ക്രിമിനൽ ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ഇന്നലെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് റാണാ കപൂറിനെ അറസ്റ്റ് ചെയ്‍തിരുന്നു. 

മുംബൈയിലെ ഇഡി ഓഫീസിൽ 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഡിഎച്ച്എഫ്എല്‍ എന്ന സ്വകാര്യകമ്പനിക്ക് 4500 കോടി രൂപ വായ്‍പ അനുവദിച്ചതിന് തൊട്ടുപിന്നാലെ റാണാ കപൂറിന്‍റെ പേരിലുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് 600 കോടി എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പല സ്വകാര്യസ്ഥാപനങ്ങൾക്കും  വഴിവിട്ട് വായ്‍പകള്‍ അനുവദിച്ച് കിട്ടാക്കടം പെരുകിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. 

അതേസമയം ഇനി എല്ലാ എടിഎമ്മുകളിൽ നിന്നും ഇടപാടുകാർക്ക് പണം പിൻവലിക്കാനാവുമെന്ന് യെസ് ബാങ്ക് അറിയിച്ചു.എന്നാൽ ഓൺലൈൻ സംവിധാനങ്ങൾ ഇപ്പോഴും പഴയപടി ആയില്ല.പണം പിൻവലിക്കാനായി ഇടപാടുകാർ കൂട്ടത്തോടെ എത്തിയതോടെ ബാങ്ക് ശാഖകളിൽ പണക്ഷാമം രൂക്ഷമാണ്.