സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം. പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാകാനുള്ള അപേക്ഷയ്ക്ക് ഫീസ് ചോദിച്ചത് വൻ തുക. നിരവധി രക്ഷിതാക്കൾ പരാതിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
ദില്ലി: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിമർശനം ഉയരുന്നു. പ്ലസ്ടു പരീക്ഷയുടെ റിവാല്യുവേഷന് മുന്നോടിയായി ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാകാനുള്ള അപേക്ഷ സമർപ്പിക്കുമ്പോഴാണ് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നത്. ഉത്തരക്കടലാസിൻ്റെ പകർപ്പ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് ഒരു വിഷയത്തിന് 100 രൂപയാണെന്നിരിക്കെ, 8000 മുതൽ 69,420 രൂപ വരെ വെബ്സൈറ്റിൽ ചോദിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിൽ വ്യക്തമാക്കുന്നു. വെബ്സൈറ്റിൽ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഒരു രക്ഷിതാവ് പ്രധാനമന്ത്രിയുടെ ഓഫീസിനെ കത്ത് മുഖേന സമീപിച്ചിട്ടുണ്ട്.

സിബിഎസ്ഇ വെബ്സൈറ്റിൽ വൻ തുക ഫീസ് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് കോർ എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസ് എടുക്കുന്നതിന് ഓരോ വിഷയത്തിനും 69,420 രൂപ വീതം ഫീസായി ചോദിച്ചതായും നാല് വിഷയങ്ങൾക്കുള്ള ആകെത്തുക 2,77,680 രൂപയാണെന്ന് ഒരു സ്ക്രീൽഷോട്ടിൽ വ്യക്തമാക്കുന്നു. മറ്റൊരു സ്ക്രീൻഷോട്ടിൽ, ഓരോ വിഷയത്തിനും 8000 രൂപ വീതമാണ് ചോദിച്ചത്. പേയ്മെൻ്റുമായി ബന്ധപ്പെട്ടു വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം നേരിടുന്നതിനാൽ പല വിദ്യാർഥികൾക്കും അപേക്ഷ നടപടിക്രമം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഹുർഷ് ഖർബന്ദ എന്ന രക്ഷിതാവാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. അർധരാത്രിയിലും മറ്റ് സമയങ്ങളിലും ആവർത്തിച്ച് ലോഗിൻ ചെയ്യാൻ ശ്രമിച്ചിട്ടും അപേക്ഷാ വിൻഡോ ശരിയായി പ്രവർത്തിച്ചില്ലെന്ന് രക്ഷിതാവ് കത്തിൽ ആരോപിച്ചു. സിബിഎസ്ഇയുടെ ഹെൽപ്പ്ലൈനിൽ വിളിച്ചെങ്കിലും എടുത്തില്ലെന്നും രക്ഷിതാവ് പരാതിപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെയും സിബിഎസ്ഇയിലെയും ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അടിയന്തര പരിഹാരത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
സമയം നീട്ടി സിബിഎസ്ഇ
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാകാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മെയ് 24 വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ (മെയ് 23) ന് അവസാനിക്കാനിരിക്കെയാണ് സിബിഎസ്ഇയുടെ ഇടപെടൽ. സിബിഎസ്ഇ വെബ്സൈറ്റിൽ മുമ്പെങ്ങുമില്ലാത്തവിധം തിരക്ക് അനുഭവപ്പെടുന്നതായും അനധികൃതമായ ഇടപെടലുകൾക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബോർഡ് പുറപ്പെടുവിച്ച സർക്കുലറിൽ അറിയിച്ചു. വിദ്യാർത്ഥികളെ ഇത് ബാധിക്കാതിരിക്കാനാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ തീരുമാനിച്ചതെന്നും സർക്കുലറിൽ വ്യക്തമാക്കി.


