ദില്ലി: നിയന്ത്രണരേഖയിലെ പാകിസ്ഥാൻ വെടിവയ്പിൽ ആശങ്ക അറിയിച്ച് ഇന്ത്യ. പാകിസ്ഥാന്‍റെ നുഴഞ്ഞു കയറ്റ ശ്രമങ്ങൾക്കെതിരായ പ്രതിരോധ നീക്കം മാത്രമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. നിയന്ത്രണ രേഖയിൽ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദ്ദേഹം പാക് സേന കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. ഇക്കാര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. 

ഇന്ത്യയല്ല പാകിസ്ഥാനാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വെടിനിറുത്തൽ കരാർ ഈ വർഷം രണ്ടായിരത്തി അമ്പത് തവണ പാകിസ്ഥാൻ ലംഘിച്ചു. 21 ഇന്ത്യാക്കാർ ഈ വെടിവയ്പിൽ മരിച്ചു. നുഴഞ്ഞുകയറാനുള്ള പാക് നീക്കത്തിന് മറുപടി നല്കുക മാത്രമാണ് ഇന്ത്യൻ സേനയെന്നും വിദേശകാര്യവക്താവ് പ്രസ്താവനയിൽ വിശദീകരിക്കുന്നു. അതിനിടെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധിച്ചു

അടുത്തയാഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയിൽ രണ്ടു പ്രധാനമന്ത്രിമാരും പ്രസംഗിക്കുന്നതിന് മുമ്പ് അതിർത്തിയിൽ വലിയ സംഘർമുണ്ടെന്ന് വരുത്തിതീർക്കാനാണ് പാക് നീക്കം. ഐക്യ രാഷ്ട്ര പൊതുസഭയിൽ നരേന്ദ്രമോദി സംസാരിക്കുന്നത് ഇരുപത്തിയേഴിനാണ്. അതിനു മുമ്പ് ഹൂസ്റ്റണിൽ ഇന്ത്യൻ സമൂഹത്തിന്‍റെ സ്വീകരണ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നരേന്ദ്രമോദിയെ അഭിനന്ദിക്കുന്ന ചടങ്ങിനെത്തും എന്നാണ് റിപ്പോർട്ട്.

കശ്മീർ അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ ചർച്ചയാക്കുമ്പോൾ ട്രംപിന്‍റെ സാന്നിധ്യം ഇന്ത്യക്ക് വൻ നേട്ടമാകും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കൻ മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾക്ക് പകരം മറ്റു രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കശ്മീർ വിശദീകരിക്കാനാണ് മോദിയുടെ ശ്രമം. അതേസമയം കശ്മീരിൽ കരുതൽ തടങ്കലിലുള്ള നേതാക്കളെ ഈ മാസം വിട്ടയക്കില്ല. ഒക്ടോബർ രണ്ടാംവാരമേ ഇക്കാര്യം ആലോചിക്കൂ എന്ന സൂചനയാണ് ഉന്നതവൃത്തങ്ങൾ നല്കുന്നത്.