ദില്ലി: ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് നൽകിയ കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആൾക്കൂട്ട അക്രമങ്ങളും ജയ് ശ്രീറാം വിളിപ്പിക്കലും സ്വാതന്ത്ര്യത്തിന്‍ മേലുളള കടന്നുകയറ്റമാണെന്ന വിമര്‍ശനമുള്‍ക്കൊള്ളുന്ന കത്ത് മോദിക്കാലത്ത് അഭിപ്രായസ്വാതന്ത്ര്യമില്ലായ്മയാണെന്ന ധ്വനിയാണ് ജനിപ്പിച്ചത്. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി സാംസ്കാരിക രംഗത്തെ 62 പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.

മാവോയിസ്റ്റുകൾ ആദിവാസികളെ കൊല്ലുമ്പോൾ മിണ്ടാതിരുന്നവർ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇപ്പോള്‍ ശബ്ദിക്കുന്നതെന്നാണ് ഇവരുടെ കത്തിലെ ആരോപണം. നടി കങ്കണ റണാവത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, സംവിധായകൻ മധൂർ ഭണ്ഡാർക്കർ ഉൾപ്പടെയുള്ള 62 പേരാണ്, അടൂരടക്കം 49 പേര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. രാജ്യത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെ രക്ഷാകര്‍ത്താക്കളായി നടിക്കുന്ന 49 പേരുടെ, തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രമുള്ള പ്രതികരണത്തിനും തെറ്റായ പ്രചാരണത്തിനും മറുപടിയെന്ന തലക്കെട്ടോടെയാണ് തുറന്ന കത്ത്.

രാഷ്ട്രീയ പ്രേരിതവും പക്ഷപാതിത്വവും പ്രകടമാക്കുന്നതെന്നാണ് 49 പേര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തെന്നാണ് ആരോപണം. മാവോയിസ്റ്റകൾ ആദിവാസികളെയും സാധാരണക്കാരെയും കൊല്ലുമ്പോഴും, കശ്മീരിൽ വിഘടനവാദികൾ സ്കൂളുകൾ കത്തിക്കുമ്പോളും കത്തെഴുതിയവര്‍ മിണ്ടുന്നില്ല. ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുകയും, രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുകയുമാണ് കത്തെഴുതിയവരുടെ ലക്ഷ്യം. മറുപടി കത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

ബുധനാഴ്ചയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെ 49 സാംസ്കാരിക പ്രവർത്തകർ ആൾക്കൂട്ട അക്രമങ്ങൾക്കെതിരെയും ജയ് ശ്രീറാം വിളിപ്പിക്കലിനെതിരെയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതിന് പിന്നാലെ അടൂർ ഗോപാലകൃഷ്ണൻ, ബംഗാളി നടൻ കൗശിക് സെൻ എന്നിവർക്കെതിരെ ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആന്‍റോ ആന്‍റണി എംപി നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളുകയും ചെയ്തു.