മധ്യപ്രദേശിലെ ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ബസന്ത് പഞ്ചമി ദിനമായ വെള്ളിയാഴ്ച ഹിന്ദുക്കള്‍ക്ക് ദിവസം മുഴുവനും മുസ്ലീങ്ങള്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ 3 വരെയും പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കി.

ദില്ലി: മധ്യപ്രദേശിലെ ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി സമുച്ചയത്തിൽ വെള്ളിയാഴ്ച ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രാർത്ഥന നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ഈ വർഷം വെള്ളിയാഴ്ച വരുന്ന ഹിന്ദു ഉത്സവമായ ബസന്ത് പഞ്ചമിയിൽ ഹിന്ദുക്കള്‍ക്ക് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പ്രാർത്ഥിക്കാനും മുസ്ലീങ്ങൾക്ക് ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താനും അനുമതി നല്‍കി. മുസ്ലീം സമുദായത്തിൽ നിന്ന് നമസ്കാരത്തിന് വരുന്ന വ്യക്തികളുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നൽകണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരസ്പര ബഹുമാനം പാലിക്കാനും ക്രമസമാധാന പരിപാലനത്തിനുമായി സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കാനും അവർ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.

ബസന്ത് പഞ്ചമി ദിനത്തിൽ പ്രാർത്ഥന നടത്താൻ ഹിന്ദുക്കൾക്ക് പ്രത്യേക അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് (എച്ച്എഫ്ജെ) എന്ന ഹിന്ദു സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

എച്ച്എഫ്ജെയ്ക്കുവേണ്ടി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് കോടതിയെ സമീപിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) 2003 ലെ ഉത്തരവ്, വെള്ളിയാഴ്ച പ്രാർത്ഥനകളുമായി ബസന്ത് പഞ്ചമി ഒത്തുവരുന്ന സാഹചര്യങ്ങളെ പരാമര്‍ശിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ നിര്‍മിതിയായ ഭോജ്ശാലയെ ഹിന്ദുക്കൾ വാഗ്ദേവിക്ക് (സരസ്വതി ദേവി) സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി കണക്കാക്കുന്നു, അതേസമയം മുസ്ലീം സമൂഹം ഇതിനെ കമൽ മൗല പള്ളി എന്ന് വിളിക്കുന്നു.

2003 ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ സ്ഥലത്ത് നമസ്‌കരിക്കാൻ അനുവാദമുണ്ട്. അതേസമയം ഹിന്ദുക്കൾക്ക് ബസന്ത് പഞ്ചമി ദിനത്തിൽ പരമ്പരാഗത ആചാരങ്ങൾ അനുഷ്ഠിക്കാനും അനുവാദമുണ്ട്, കൂടാതെ എല്ലാ ചൊവ്വാഴ്ചയും അവർക്ക് പ്രത്യേക പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബസന്ത് പഞ്ചമിക്ക് മുന്നോടിയായി മധ്യപ്രദേശിലെ ധറിൽ സുരക്ഷ ശക്തമാക്കി.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) എന്നിവരുൾപ്പെടെ ഏകദേശം 8,000 പോലീസ് ഉദ്യോഗസ്ഥരെ മധ്യപ്രദേശ് ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. പൊലീസ് പട്രോളിംഗ് നടത്തുകയും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. നഗരത്തിലുടനീളമുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും അവർ പരിശോധിക്കുന്നുണ്ട്.