ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന് അധ്യക്ഷത വഹിക്കും. 

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും എന്നാണ് വിവരം. ഇതോടൊപ്പം എല്ലാ ലോക്സഭാ-രാജ്യസഭാ എംപിമാര്‍ക്കും ജൂണ്‍ 20-ന് പ്രധാനമന്ത്രി വിരുന്ന് നല്‍കും. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിന് ഇടയിലാവും വിരുന്ന്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗം ഇന്ന് ചേര്‍ന്നു. 

നിലവില്‍ എല്ലാ വര്‍ഷവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ഒരു വര്‍ഷം തന്നെ രണ്ട്ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതൊഴിവാക്കി രണ്ട് വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്നൊരു നിര്‍ദേശം കുറച്ചു കാലമായി നിലവിലുണ്ട്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. 

പകുതി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എങ്കിലും ഒരുമിച്ച് നടത്താനായാല്‍ കോടിക്കണക്കിന് രൂപയും മനുഷ്യാധ്വാനവും ലഭിക്കാമെന്നും അടിക്കടി തെര‍ഞ്ഞെടുപ്പ് നടക്കുന്നത് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള നിയമസഭകളുടെ കാലാവധി ആറ് മാസം മുതല്‍ ഒന്നരവര്‍ഷം വരെ നീട്ടുകയോ കുറയ്ക്കുകയോ ചെയ്താല്‍ പത്തിലേറെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കും. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. അതിന് നാല് മാസം മുന്‍പാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ഇനി ദില്ലി, ഹരിയാന, മഹാരാഷ്ട്ര,ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.