Asianet News MalayalamAsianet News Malayalam

കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം: ആദ്യ സമ്മേളനം അടുത്ത മാസം ആറിനെന്ന് സൂചന

സഖ്യകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ നാളെ അമിത് ഷാ നേതാക്കളുടെ നിലപാട് തേടും. രാംവിലാസ് പസ്വാൻ മകൻ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ്. തമിഴ്നാട് ഉപ മുഖ്യമന്തത്രി പനീർ ശെൽവവും മകൻ ഒപി രവീന്ദ്രനായി രംഗത്തുണ്ട്

central cabinet formation debate: First Conference will be in june 6th
Author
Delhi, First Published May 27, 2019, 6:23 PM IST

ദില്ലി: പുതിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ നാളെ സജീവമാകും. സഖ്യകക്ഷി നേതാക്കളുമായി നാളെ അമിത് ഷാ സംസാരിക്കും. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം അടുത്ത മാസം ആറിന് തുടങ്ങുമെന്നാണ് സൂചന.

മാധ്യമങ്ങളല്ല മന്ത്രിസഭ തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റ് സെൻട്രൽ ഹാളിൽ പറഞ്ഞിരുന്നു. അമിത് ഷാ മന്ത്രിസഭയിലേക്ക് വരുന്നു എന്നതുൾപ്പടെയുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴാണ്  മോദിയുടെ പരാമർശം. അമിത് ഷാ മന്ത്രിസഭയിലേക്ക് വന്നാൽ ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവിന്‍റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഏഴിന് മന്ത്രിസഭാ രൂപീകരണം നിശ്ചയിച്ചെങ്കിലും മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും ബിജെപി തുടങ്ങിയിട്ടില്ല. 

സഖ്യകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ നാളെ അമിത് ഷാ നേതാക്കളുടെ നിലപാട് തേടും. രാംവിലാസ് പസ്വാൻ മകൻ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ്. തമിഴ്നാട് ഉപ മുഖ്യമന്തത്രി പനീർ ശെൽവവും മകൻ ഒപി രവീന്ദ്രനായി രംഗത്തുണ്ട്. ബിജെപിയിൽ ആർക്കും ഇതുവരെയും സൂചനകൾ കിട്ടിയിട്ടില്ല. കേരളത്തിൽ നിന്ന് നിലവിലെ മന്ത്രി അൽഫോൺസ് കണ്ണന്താനം, വി മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ സജീവമെങ്കിലും ഇത് വരെ അറിയിപ്പൊന്നുമില്ല. 

കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. ഇത്തവണയും ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. സ്പീക്കർ തെരഞ്ഞെടുപ്പ് പത്തിനാകും. രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം.

രാജ്യസഭയിൽ ഭൂരിപക്ഷം ഇപ്പോഴും ഇല്ലാത്ത് പശ്ചാത്തലത്തിൽ വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ബിജു ജനതാദൾ എന്നിവരെ കൂടെ നിര്‍ത്താനാണ് തീരുമാനം. മൂന്നു പാർട്ടികൾക്കുമായി 17 എംപിമാരാണ് രാജ്യസഭയിൽ ഉള്ളത്. രാജ്യസഭയിൽ എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാൻ 2022 വരെ കാത്തിരിക്കണം.

Follow Us:
Download App:
  • android
  • ios