ദില്ലി: സുദര്‍ശന്‍ ടിവിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍. സുദര്‍ശന്‍ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്‍ശന്‍ ടിവിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുദര്‍ശന്‍ ടിവിക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 

സുദര്‍ശന്‍ ടിവി അവതരിപ്പിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും നിങ്ങള്‍ക്ക് ഒരു സമുദായത്തെ പ്രത്യേക സന്ദര്‍ഭത്തില്‍ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. യു പി എസ് സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകാണെന്നാണ് ടിവി പരിപാടിയില്‍ പറഞ്ഞിരുന്നത്. പരിപാടി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു കോടതി നിരീക്ഷണം.