ദില്ലി: ചൈന അതിർത്തിയിലെ തർക്കം തുടരവെ വൻ ആയുധ ഇടപാടിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം. പ്രതിരോധ സേനകളുടെ ആധുനിക വത്ക്കരണത്തിനായി വൻ പദ്ധതിക്കാണ് അനുമതി.  33 പുതിയ യുദ്ധവിമാനങ്ങൾക്ക് റഷ്യയ്ക്ക് കരാർ നല്‍കും. 12 സുഖോയ് 30, 21 മിഗ് 29 സൂപ്പർസോണിക്ക് വിമാനങ്ങളാവും  ഇന്ത്യ റഷ്യയിൽ നിന്ന്  വാങ്ങുക. കൂടാതെ  നിലവിലുള്ള 59 മിഗ് വിമാനങ്ങളുടെ നവീകരണത്തിനും തീരുമാനമായി. 18,148 കോടി രൂപയുടേതാണ് ഇടപാട്. 

വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന 248 അസ്ത്ര  മിസൈലുകള്‍ വാങ്ങും.  ഡിആർഡിഒക്ക് ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈൽ വികസിപ്പിക്കാനും അനുമതിയായി.  കൂടാതെ കരസേനക്കായി പിനാക റോക്കറ്റേ് ലോഞ്ചർ, യുദ്ധ മേഖലയിൽ ഉപയോഗിക്കാനുള്ള പ്രത്യേക വിമാനങ്ങൾ അത്യാധുനിക വയർലൈസ് സംവിധാനങ്ങളും വാങ്ങും. 

38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണ് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സമിതി നൽകിയത്.  ചൈനയുമായി അതിർത്തിയിൽ തർക്കം നിലനിൽക്കെയാണ് പ്രതിരോധ സേനകളുടെ ആധുനിക വൽക്കരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്‍റെ ഇടപാട്. എന്നാൽ വിമാനം ഉൾപ്പെടെയുള്ള ആയുധങ്ങൾ സേനയ്ക്ക് കിട്ടാൻ വർഷങ്ങൾ എടുത്തേക്കും. ഇതിനിടെ കരസേന മേധാവിക്കൊപ്പമുള്ള പ്രതിരോധ മന്ത്രി രാജനാഥ് സിങ്ങിന്‍റെ ലഡാക്ക് സന്ദർശനം മാറ്റി. സന്ദർശനം മാറ്റാനുള്ള കാരണം എന്തെന്നാണ് ഇതുവരെ അറിയിച്ചിട്ടില്ല.