ദില്ലി: നിര്‍ഭയ കേസില്‍ ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷ ഒന്നിച്ചുമാത്രമെന്ന വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സ‌ർക്കാരിന്‍റെ ​ഹ‌ർജി കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്‍റെ നീക്കം. നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്നാണ് ദില്ലി ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. 

പ്രതികളുടെ മരണവാറന്‍റ് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികൾ മനപ്പൂർവ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് കൂടി നിരീക്ഷിച്ച കോടതി ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. നിയമനനടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന അന്ത്യശാസനമാണ് പ്രതികൾക്ക് ദില്ലി ഹൈക്കോടതി നൽകിയിരിക്കുന്നത്. ഇനിയും ​​​ദയാ‌ഹ‌ർജി സമ‌ർപ്പിക്കാൻ ബാക്കിയുള്ള പവൻ ​ഗുപ്ത ഈ വിധിയനുസരിച്ച് അടുത്ത ഏഴ് ദിവസങ്ങൾക്കകം രാഷ്ട്രപതിക്ക് ​ദയാഹ‌ർജിയും സുപ്രീം കോടതിയിൽ തിരുത്തൽ ഹ‌ർജിയും നൽകണം. 

എങ്കിലും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന സൂചനയാണ് വിധി നൽകുന്നത്. പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നും ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്‍റെ പ്രധാന വാദം. ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ദില്ലി തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റുന്നതിന്‍റെ സാധ്യതയും അവസാനിച്ചു. ജസ്റ്റിസ് സുരേഷ് കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.