Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി ജഡ്ജിയായി മലയാളി എത്തുമോ? പിൻഗാമിയുടെ പേര് നിർദേശിക്കാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് കേന്ദ്രം

സാധാരണ സുപ്രീം കോടതി ജഡ്ജിമാർ വിരമിക്കുന്നതിന് ഒരു മാസം മുൻപ് അടുത്തതായി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയുടെ പേര് നിർദ്ദേശിക്കണമെന്നാണ് കീഴ്വഴക്കം. ഇതിന് മുന്നോടിയായിട്ടാണ് കേന്ദ്രം കത്ത് നൽകിയത്.

central government asks chief justice of india lalit to recommend successor
Author
First Published Oct 7, 2022, 7:37 PM IST

ദില്ലി: പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം.അടുത്ത മാസം ലളിതിന്റെ കാലാവധി അവസാനിരിക്കെയാണ് കത്ത്. മുതിർന്ന മലയാളിയായ സുപ്രീം കോടതി അഭിഭാഷകൻ അടക്കം നാല് പേരെ ജഡ്ജിമാരായി ഉയർത്താനുള്ള സാധ്യത ഉയര്‍ന്ന് കേട്ടിരുന്നു. ഇതിനിടയിലാണ് പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 

കേന്ദ്രസർക്കാർ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള നടപടികളിലേക്കാണ് കടന്നിരിക്കുയാണ്.   ലളിത് വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്. സാധാരണ സുപ്രീം കോടതി ജഡ്ജിമാർ വിരമിക്കുന്നതിന് ഒരു മാസം മുൻപ് അടുത്തതായി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയുടെ പേര് നിർദ്ദേശിക്കണമെന്നാണ് കീഴ്വഴക്കം. ഇതിന് മുന്നോടിയായിട്ടാണ് കേന്ദ്രം കത്ത് നൽകിയത്. അടുത്ത മാസം ഏട്ടിനാണ് യു യു ലളിത് ചിഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. 

ഇതോടെ ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജിമാരിൽ സീനീയറായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാകും അടുത്ത ഊഴം. കേവലം എൺപത് ദിവസത്തിൽ താഴെ മാത്രമാണ് ലളിത് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നത്. സുപ്രധാനകേസുകൾ അടക്കം പരിശോധിക്കുന്ന ഭരണഘടന ബെഞ്ചുകളിൽ ഒന്നിന്  നേതൃത്യം നൽകുന്ന യു യു ലളിതിന് കേന്ദ്രം കാലാവധി നീട്ടി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഇനി അതിനുള്ള സാധ്യതയില്ലെന്നത് ഉറപ്പായി. 

അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാർശ ചെയ്തുകഴിഞ്ഞാൽ, കീഴ്വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന ഉന്നത സുപ്രീംകോടതി പാനലായ കൊളീജിയത്തിന്റെ യോഗങ്ങൾ ഉണ്ടാകില്ല. ഇതോടെ മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മലയാളിയുമായ കെ.വി. വിശ്വനാഥന്‍ ഉള്‍പ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിനുള്ള തീരുമാനം വൈകിയേക്കും. കഴിഞ്ഞ മാസം മുപ്പതിന് കൊളീജീയം യോഗം ചേരാൻ കഴിയാതെ വന്നതോടെ നാല് പേരെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശുപാർശക്ക്  അംഗീകാരം തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൊളീജിയം ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

എന്നാൽ യോഗം ചേരാതെ ചീഫ്‌ജസ്റ്റിന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന്‌ കൊളീജിയം അംഗങ്ങളായ രണ്ട്‌ ജഡ്‌ജിമാർ നിലപാട്‌ അറിയിച്ചു. പിന്നാലെ ഈ നീക്കം തടസപ്പെട്ടു. കൊളീജിയം അംഗങ്ങളായ ജഡ്‌ജിമാർ നിലപാട്‌ പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചീഫ്‌ ജസ്‌റ്റിസ്‌ രണ്ടാമതും കത്ത്‌ നൽകിയിരുന്നു. ഏതായാലും നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം ഒമ്പതിന് ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് സ്ഥാനമേൽക്കും വരെ ഈ കാര്യത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയില്ല. ഇനി ചീഫ് ജസ്റ്റിസായിചന്ദ്രചൂഡ് സ്ഥാനമേറ്റതിന് ശേഷമാകും ഈക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുന്നത്.

Follow Us:
Download App:
  • android
  • ios