ദില്ലി: കുതിച്ചുകയറുന്ന ഉള്ളിവില നിയന്ത്രിക്കാൻ ഇടപെട്ട് കേന്ദ്രസർക്കാർ. രാജ്യത്ത് ഉള്ളിക്കയറ്റുമതി നിരോധിച്ച് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ഉള്ളിവില നിയന്ത്രിക്കാൻ വിപണിയിൽ ഉള്ളിയുടെ ലഭ്യത കൂട്ടാതെ വേറെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഉള്ളിക്കയറ്റുമതി നിരോധിച്ചത്.

ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഉള്ളിവിലക്കയറ്റത്തിൽ ജനങ്ങൾ വലഞ്ഞിരുന്നു. ഉത്തരേന്ത്യൻ ഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് ഉള്ളി. മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ കഴിഞ്ഞ നാല് വർഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയത്. 

ദില്ലിയിലും മുംബൈയിലുമടക്കം മെട്രോ നഗരങ്ങളിൽ ആപ്പിളിനേക്കാൾ വിലയുണ്ട് ഉള്ളിയ്ക്കെന്ന് നാട്ടുകാർ തന്നെ പറയുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതല്ലെങ്കിൽ, നാട്ടിൽ നിന്ന് തന്നെയുള്ള ആപ്പിളിന് കിലോ അമ്പത് രൂപ കൊടുത്താൽ മതി. മുംബൈയിൽ ഇന്ന് കിലോ ഉള്ളിയ്ക്ക് 56 രൂപയാണ് വില.

രാജ്യത്തെ മൊത്തവിതരണകേന്ദ്രങ്ങളിൽ ഉള്ളിയുടെ സ്റ്റോക്കെത്തുന്നതിൽ വലിയ കുറവാണുള്ളത്. ഉള്ളിവില കുത്തനെ കൂടാനുള്ള കാരണവും ഇത് തന്നെ. മഹാരാഷ്ട്രയിലുണ്ടായ വൻപ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കഴിഞ്ഞയാഴ്ച വീണ്ടും പെയ്ത മഴ, ഉള്ള സ്റ്റോക്ക് എത്തിക്കുന്നതിനെയും ബാധിച്ചു. 

ഉത്തരേന്ത്യയിൽ ഇപ്പോഴും തുടരുന്ന ശക്തമായ മഴയും ഉള്ളി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഗോഡൗണുകളിൽ സ്റ്റോക്കുള്ളയിടത്തു നിന്ന് ഇല്ലാത്തയിടത്തേയ്ക്ക് എത്തിക്കാൻ കനത്ത മഴ കാരണം കഴിയുന്നില്ല.

നേരത്തേ ഉള്ളിവില പിടിച്ചുനിർത്താൻ കയറ്റുമതിയ്ക്കുള്ള വില കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. ഉള്ളിലഭ്യതയില്ലാതെ ജനം വലയുമ്പോഴും രാജ്യത്ത് 56,000 ടൺ ഉള്ളിയുണ്ടെന്നും, ഇതിൽ 16,000 ടൺ ഇതുവരെ പലയിടങ്ങളിലായി എത്തിച്ചുവെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നത്. നാഫെഡ് പോലുള്ള ഏജൻസികൾ വഴി ഉള്ളിവിതരണം കൂടുതൽ ഊർജിതമായി നടപ്പാക്കിയാൽ ഉള്ളിവില കുറയുമെന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞിരുന്നത്. എന്നാലിതൊന്നും ഫലം കണ്ടില്ലെന്ന് വ്യക്തമായതോടെയാണ് കയറ്റുമതി നിയന്ത്രിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 

വിപണിയിൽ ഉള്ളി എത്തിക്കാനായി നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി സംഭരിച്ച ഉള്ളി 23 രൂപ കിലോ നിരക്കിൽ വിൽക്കാൻ തുടങ്ങിയിരുന്നു. ദില്ലി സർക്കാർ ഇടപെട്ട്, ഉള്ളി എത്തിച്ച് കുറഞ്ഞ വിലയ്ക്ക് മദർ ഡയറിയും മറ്റ് സ്റ്റോറുകളും വഴി, കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റിരുന്നു. മൊബൈൽ വാനുകളിലൂടെയും റേഷൻ കടകളിലൂടെയും ഒരാൾക്ക് 23 രൂപ നിരക്കിൽ മാസം അഞ്ച് കിലോ ഉള്ളിയാണ് കെജ്‍രിവാൾ സ‍ർക്കാർ നൽകുന്നത്.