Asianet News MalayalamAsianet News Malayalam

Covid 19 : കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്ന് കേന്ദ്രം; ആശങ്കയറിയിച്ച് കത്ത്, രോഗവ്യാപനം പിടിച്ചുനിര്‍ത്തണം

തിരുവനന്തപുരം, കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളിലെ പൊസിറ്റിവിറ്റി നിരക്കിൽ കേന്ദ്രം ആശങ്കയറിച്ചു. ഈ നാല് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി. 

central government letter to Kerala regarding covid spread
Author
Delhi, First Published Dec 4, 2021, 3:34 PM IST

ദില്ലി: കൊവിഡ് (covid 19) വ്യാപനത്തില്‍ കേരളത്തെ ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍ (central government). കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 2118 മരണവും തൊട്ടുമുമ്പത്തെ ആഴ്ച 1890 മരണവും റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതല്‍.

തിരുവനന്തപുരം, കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളിലെ പൊസിറ്റിവിറ്റി നിരക്കിൽ കേന്ദ്രം ആശങ്കയറിച്ചു. ഈ നാല് ജില്ലകളിൽ 10 ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി. കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളിലെ ക്ലസ്റ്ററുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം തടയാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം രാജ്യത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്. മുന്‍വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. പുതിയ വകഭേദം നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ പടര്‍ന്നാലും ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തീവ്രമാകരുതെന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രാലയം നല്‍കിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios