ദില്ലി: ട്രെയിനുകളില്‍ വൈഫൈ സംവിധാനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത  നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. നിലവില്‍  രാജ്യത്തെ 5150 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമുണ്ട്. ഇത് 6,500 റെയില്‍വേ സ്റ്റേഷനുകളിലാക്കി ഉയര്‍ത്താനാണ് തീരുമാനമെന്നും പിയുഷ് ഗോയല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ സങ്കീര്‍ണമായ സാങ്കേതിക വിദ്യ ആവശ്യമാണ്. അതിനായി കൂടുതല്‍ നിക്ഷേപം വേണം. ടവറുകള്‍ സ്ഥാപിക്കുകയും ട്രെയിനുകള്‍ക്കുള്ളില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്യണം.  ഇതിനായി വിദേശ സാങ്കേതിക വിദ്യ ലഭ്യമാക്കേണ്ടതുണ്ടെന്നും ഗോയല്‍ പറഞ്ഞു.

വൈഫൈ ലഭ്യമാക്കുന്നതോടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കംപാര്‍ട്ട്മെന്‍റില്‍ സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുമെന്നും ഗോയല്‍ പറഞ്ഞു. നാലു മുതല്‍ നാലര വര്‍ഷം വരെ കൊണ്ട് ഇത് കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.