ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില ഉറപ്പാക്കുന്നതില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. സര്‍ക്കാര്‍ വിളിച്ച ഏഴാമത്തെ ചര്‍ച്ചയാണ് നടക്കുന്നത്. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകൾ ആവശ്യപ്പെടുന്നത്. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ബില്ല് പാസാക്കിയാൽ മതി. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കാന്‍ ഇപ്പോൾ ലോക്സഭയിലുള്ള സ്വകാര്യ ബിൽ അംഗീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. 

അതേസമയം കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലൈൻസ് കമ്പനി രംഗത്തെത്തി. റിലൈൻസിന്‍റെയും അദാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുള്ള സമരങ്ങൾ കൂടി കര്‍ഷക സംഘടനകൾ ശക്തമാക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ഉറപ്പുമായി മുകേഷ് അംബാനിയുടെ റിലൈൻസ് ഇൻഡസ്ട്രീസ് രംഗത്തെത്തിയത്. അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളും, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറഞ്ഞ നിരക്കിൽ ഉല്പന്നങ്ങൾ സംഭരിക്കില്ല, കരാര്‍ കൃഷി നടത്തില്ല, കൃഷി ഭൂമി വാങ്ങില്ല എന്നീ ഉറപ്പുകളാണ് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ക്ക് റിലൈൻസ് നൽകുന്നത്.

എന്നാല്‍ റിലൈൻസിന്‍റെ ഉറപ്പല്ല, സര്‍ക്കാരിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകൾ പ്രതികരിച്ചു. അതിനിടെ പഞ്ചാബിലിലും ഹരിയാനയിലും ജിയോ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് റിലൈൻസ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ജിയോ ടവറുകൾ കര്‍ഷകര്‍ തകര്‍ത്തിരുന്നു.