ദില്ലി: പ്രഖ്യാപിച്ച ലോക്ക് ഡൌൺ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൌൺ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിർദേശം. ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വഴി കർശന നിർദേശം നൽകിയിരിക്കുകയാണ്.

ഇന്നലെ ലോക്ക് ഡൌൺ നിർദേശിച്ചിട്ടും, പല സംസ്ഥാനങ്ങളും ഇനിയും പൂർണമായും ഇത് പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല എന്നത് കണക്കിലെടുത്താണ് കേന്ദ്രം കർശന നിർദേശം പുറത്തിറക്കുന്നത്. പലരും ലോക്ക് ഡൌൺ നിർദേശം കാര്യമായി പാലിക്കുന്നില്ല, ഇത് പാടില്ല എന്ന് ഇന്ന് രാവിലെയും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നതാണ്.

''പലരും ഇപ്പോഴും ലോക്ക് ഡൌൺ കാര്യമായി എടുക്കുന്നില്ല. സ്വയം സംരക്ഷിക്കൂ നിങ്ങൾ, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, കൃത്യമായി സർക്കാർ നിർദേശങ്ങൾ പാലിക്കൂ. എല്ലാ സംസ്ഥാനസർക്കാരുകളോടും അടിയന്തരമായി ഈ നിയമങ്ങൾ പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്'', മോദി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഇന്നലെ പ്രഖ്യാപിച്ച ജനതാ കർഫ്യൂ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൌണായി മാറിയിരുന്നു. ഇതിനെത്തുടർന്നാണ് കർഫ്യൂ അവസാനിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. 

ഈ നിർദേശത്തിൽ സംസ്ഥാനസർക്കാരുകൾക്ക് അന്തിമതീരുമാനമെടുക്കാനായി വിട്ടിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ ഉത്തർപ്രദേശിൽ 15 ജില്ലകളിലും, കർണാടകത്തിൽ 9 ജില്ലകളിലും, തമിഴ്നാട്ടിൽ അഞ്ച് ജില്ലകളിലും, ഉത്തരാഖണ്ഡ്, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും രാജസ്ഥാൻ ശനിയാഴ്ച രാത്രിയോടെ തന്നെയും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നതാണ്. 

നിലവിൽ കേരളത്തിൽ കാസർകോട്ട് മാത്രമാണ് സമ്പൂർണ ലോക്ക് ഡൌൺ നിലവിലുള്ളത്. അതിർത്തിയടക്കം അടച്ചിട്ടിട്ടുണ്ട്. സംസ്ഥാന, ദേശീയ പാതകളിലൂടെ ഗതാഗതം കർശനനിയന്ത്രണത്തിലാണ്. മറ്റ് ജില്ലകളിൽ കർശനനിയന്ത്രണം ആവശ്യമാണെന്നും, എന്നാൽ ഏതെല്ലാം അവശ്യസർവീസുകളെ ഉൾപ്പെടുത്തിയും ഒഴിവാക്കിയും ലോക്ക് ഡൌൺ പ്രഖ്യാപിക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ സംസ്ഥാനമന്ത്രിസഭായോഗം ഇന്ന് ചേരുകയാണ്. ഇന്നലെ മാത്രം 39 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോക്ക് ഡൌൺ വേണ്ടെന്ന തീരുമാനം എന്തായാലും സംസ്ഥാന സർക്കാർ സ്വീകരിക്കില്ല. പക്ഷേ, എന്തെല്ലാം സർവീസുകളെ അവശ്യസർവീസുകളായി പ്രഖ്യാപിക്കണമെന്നതടക്കം വിശദമായ ചർച്ചയാണ് മന്ത്രിസഭായോഗത്തിൽ നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കുന്നുമുണ്ട്. 

ലോക്ക് ഡൌൺ പ്രഖ്യാപിക്കപ്പെട്ടാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഭക്ഷ്യധാന്യങ്ങളടക്കം സംഭരിച്ച് വച്ച് സംസ്ഥാനം ഈ സാഹചര്യം മുൻകൂട്ടി കണ്ടതാണെന്നും ഭക്ഷ്യമന്ത്രി വി തിലോത്തമൻ വ്യക്തമാക്കിയിരുന്നതാണ്. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനത്തിന്റെ പക്കൽ സ്റ്റോക്കുണ്ട്. ആരോഗ്യ സർവീസുകളടക്കം ഒന്നിനും മുടക്കമുണ്ടാകില്ലെന്നും പരിഭ്രാന്തി പാടില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിരുന്നു. 

Read more at: എന്താണ് ലോക്ക് ഡൗൺ? അവശ്യ സർവീസുകൾ എന്തൊക്കെ? എങ്ങനെ ബാധിക്കും?