സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്.
ദില്ലി: അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മൈസൂരിൽ വച്ച് പരിപാടികൾക്ക് നേതൃത്വം നൽകും. മൈസൂരു പാലസ് ഗ്രൗണ്ടില്‍ പതിനയായ്യിരം പേര്‍ പ്രധാനമന്ത്രിക്ക് ഒപ്പം യോഗ ചെയ്യും. മൈസൂര്‍ രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി എന്നിവരാണ് പ്രധാനമന്ത്രിക്ക് സമീപം യോഗ ചെയ്യുക. കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് സമീപം പങ്കെടുക്കും. യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ജന്തർ മന്തറിലെ പരിപാടിയിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പങ്കെടുക്കുന്നു. നൂറ് കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാനായി ജന്തർമന്തറില്‍ എത്തിയിരിക്കുന്നത്.
യോഗയിലൂടെ ആരോഗ്യം നിലനിർത്താം; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
ഇന്ന് ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരിക നില നിലനിർത്തുക, ശ്വസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്ന ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.
2014 സെപ്തംബർ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) തന്‍റെ പ്രസംഗത്തിനിടെ ആദ്യമായി ഒരു അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11 ന്, UNGA ജൂൺ 21 ലോക യോഗ ദിനമായി അല്ലെങ്കിൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. 2015 മുതൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.
