Asianet News MalayalamAsianet News Malayalam

'രക്ഷിച്ചത് 78,000 ജീവന്‍'; ലോക്ക്ഡൗണില്‍ വ്യാപനം കൂടിയെന്ന വാദം മറികടക്കാന്‍ സര്‍ക്കാരിന്‍റെ പുതിയ കണക്ക്

ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും ഇപ്പോള്‍ രോഗബാധിതരാകുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ 78,000 വരെയാകുമായിരുന്നു എന്നാണ് സർക്കാർ പുറത്തുവിട്ട പുതിയ കണക്ക്.

central govt new statistics to overcome arguments about covid spreading in lockdown period
Author
Delhi, First Published May 23, 2020, 7:06 AM IST

ദില്ലി: ലോക്ക്ഡൗണില്‍ കൊവിഡ് വ്യാപനം കൂടിയെന്ന പ്രചാരണം മറികടക്കാന്‍ പുതിയ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും ഇപ്പോള്‍ രോഗബാധിതരാകുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ 78,000 വരെയാകുമായിരുന്നു എന്നാണ് സർക്കാർ പുറത്തുവിട്ട പുതിയ കണക്ക്.

രോഗവ്യാപനം തീവ്രമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തിലാണ് കഴി‍ഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതിരുന്ന ആരോഗ്യമന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിനെത്തിയത്. ലോക്ക്ഡൗണിലൂടെ 78,000 ജീവന്‍ രക്ഷിക്കാനായെന്നാണ് പ്രധാന അവകാശവാദം.

മരണനിരക്ക് ഇപ്പോള്‍ 3.02 ശതമാനം മാത്രമാണ്. പബ്ലിക്ക് ഹെൽത്ത് ഫൗണ്ടേഷൻ ഉൾപ്പടെ പല ഏജൻസികളുടെ കണക്കുകൾ നിരത്തിയ കേന്ദ്രം ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കില്‍ 37,000 മുതൽ 78,000 വരെ പേർ മരിക്കുമായിരുന്നു എന്നാണ് പറയുന്നത്. 20 ലക്ഷം പേരെങ്കിലും ഇതിനകം രോഗബാധിതർ ആകുമായിരുന്നുവെന്ന് അവകാശപ്പെട്ട കേന്ദ്രം ഇത് 29 ലക്ഷം വരെ ആകാമെന്ന് ചൂണ്ടിക്കാട്ടിയ പഠനങ്ങളുമുണ്ടെന്നും വ്യക്തമാക്കി. ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 41 ശതമാനമാണ്.

വൈറസിന്റെ വ്യാപന നിരക്ക് 22 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി. കേസുകള്‍ ഇരട്ടിക്കുന്നത് 3.5 ദിവസത്തില്‍ നിന്ന് 13.5 ദിവസമായി കൂടി. ലോക്ക്ഡൗൺ കാരണം നിരക്ക് കുറഞ്ഞു എന്നാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  പഠനം. അതേസമയം, ഇപ്പോഴത്തെ നിരക്ക് തുടർന്നാൽ രോഗബാധ എപ്പോൾ നിയന്ത്രിക്കാനാകുമെന്നോ പുതിയ കേസുകളുടെ എണ്ണം എന്നു മുതൽ കുറയുമെന്നോ സർക്കാർ പറയുന്നില്ല.

Follow Us:
Download App:
  • android
  • ios