Asianet News MalayalamAsianet News Malayalam

നാവികസേനയുടെ 45,000 കോടിയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന്; എതിര്‍പ്പുമായി കോണ്‍ഗ്രസ്

എല്‍ആന്‍റ്ടി മാസഗോണ്‍ ഡോക് ലിമിറ്റഡ്, റിലയന്‍സ് നേവല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പിയാഡ് എന്നിവരായിരുന്നു കരാറിനായി ആദ്യം അപേക്ഷ നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കപ്പല്‍ നിര്‍മാണ ശാല ഇല്ലാത്ത അദാനി ഡിഫന്‍സ് ഹിന്ദുസ്ഥാന്‍ ഡിഫന്‍സുമായി ചേര്‍ന്ന് അപേക്ഷ നല്‍കി. 
 

central govt seeking to favor adanis in rs 45000 cr submarine deal alleges congress
Author
Delhi, First Published Jan 16, 2020, 6:59 AM IST

ദില്ലി: നാവികസേനയുടെ 45,000 കോടി രൂപയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്. പ്രതിരോധ ചട്ടം മറികടന്നുള്ള നീക്കം ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിദേശ സാങ്കേതിക വിദ്യ സ്വീകരിച്ച് ആറ് അന്തര്‍ വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന പദ്ധതിയെ ചൊല്ലിയാണ് പുതിയ വിവാദം. പി 75 ഐ എന്ന പേരിലുള്ള പദ്ധതിക്ക് 45000 കോടിയാണ് ചെലവ്. എല്‍ആന്‍റ്ടി മാസഗോണ്‍ ഡോക് ലിമിറ്റഡ്, റിലയന്‍സ് നേവല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പിയാഡ് എന്നിവരായിരുന്നു കരാറിനായി ആദ്യം അപേക്ഷ നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കപ്പല്‍ നിര്‍മാണ ശാല ഇല്ലാത്ത അദാനി ഡിഫന്‍സ് ഹിന്ദുസ്ഥാന്‍ ഡിഫന്‍സുമായി ചേര്‍ന്ന് അപേക്ഷ നല്‍കി. 

നാവികസേനയുടെ എംപവേഡ് കമ്മിറ്റി ശുപാര്‍ശ ചെയ്തത് മസാഗോണ്‍ ഡോക് ലിമിറ്റഡിനെയും എല്‍ആന്‍ടിയെയും. കപ്പൽ നിർമ്മാണ രംഗത്തെ പരിചയം കണക്കിലെടുക്കണം എന്നായിരുന്നു നിർദ്ദേശം. ഇത് മറികടന്ന് അദാനി ഗ്രൂപ്പിന്‍റെ സംയുക്ത സംരംഭം പരിഗണിക്കാമെന്ന് ഡിഫന്‍സ് പ്രൊഡക്ഷന്‍ വകുപ്പ് ശുപാർശ ചെയ്തു. 2016 ലെ പ്രതിരോധ ചട്ടങ്ങള്‍ അദാനിക്കായി മറികടക്കുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. 

അദാനി ഗ്രൂപ്പ് എങ്ങനെ ഇടപാടിലേക്ക് പിന്നീട് എത്തിയെന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മറുപടി നല്‍കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റഫാലിൽ അനിൽ അംബാനിക്ക് പുറം കരാർ കിട്ടിയതാണ് വിവാദമായത്. അദാനിക്കു നാലപത്തയ്യായിരം കോടിയുടെ ഇടപാട് നല്കാനുള്ള നീക്കമെന്ന പുതിയ റിപ്പോർട്ട് കോൺഗ്രസിന് പുതിയ ആയുധമാകുകയാണ്. 

Follow Us:
Download App:
  • android
  • ios