ദില്ലി: ഗാന്ധിജിക്ക് പ്രിയപ്പെട്ട ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഒഴിവാക്കി. 1950 മുതല്‍ പരേഡില്‍ ഉപയോഗിക്കുന്ന ഗാനമാണ് ഇത്തവണ ഒഴിവാക്കിയത്. എല്ലാ വര്‍ഷവും പരേഡില്‍ ഉള്‍പ്പെടുത്തുന്ന സംഗീതം  പരിശോധിക്കാറുണ്ട്. ചിലപ്പോള്‍ പഴയത് മാറ്റി, പുതിയത് ചേര്‍ക്കാറുണ്ട്. കൂടുതല്‍ ഇന്ത്യന്‍ പാരമ്പര്യ സംഗീതം ഉള്‍പ്പെടുത്താനാണ് ക്രിസ്ത്യന്‍ സംഗീതം ഒഴിവാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വന്ദേ മാതരവും ഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു. ഇത്തവണ വന്ദേമാതരം ഉള്‍പ്പെടുത്തും. കുറച്ച് ഇന്ത്യന്‍ സംഗീതവും കൂടി ഉള്‍പ്പെടുത്തും.

ഏകദേശം 30-35 സംഗീതം ഉള്‍പ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പശ്ചാത്യ സംഗീതത്തിന് പകരം കൂടുതല്‍ ഇന്ത്യന്‍ സംഗീതം ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ക്രിസ്ത്യന്‍ ഗാനത്തെ ഒഴിവാക്കിയതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്കോട്ടിഷ് കവിയായ ഹെന്‍റി ഫ്രാന്‍സിസ് ലൈറ്റ് എഴുതി വില്യം ഹെന്‍റി സംഗീതം നല്‍കി അബൈഡ് വിത്ത് മീ എന്ന ഗാനമാണ് ഒഴിവാക്കിയത്. 

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളം, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഫ്ലോട്ട് ഓഴിവാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിലവാരമില്ലെന്ന കാരണത്താലാണ് ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ഫ്ലോട്ട് ഒഴിവാക്കിയത്. പൗരത്വ നിയമ ഭേദഗതിയെ ഈ മൂന്ന് സംസ്ഥാനങ്ങളും നിശിതമായി എതിര്‍ത്തിരുന്നു. സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇവരുടെ ഫ്ലോട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചത്.