എബോള വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ദില്ലി: എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. നിലവിൽ ഈ ആഫ്രിക്കൽ രാജ്യങ്ങളിൽ തുടരുന്ന ഇന്ത്യക്കാരും ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

എബോള വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന 'അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' ആയും ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ 'ഭൂഖണ്ഡാന്തര സുരക്ഷാ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' ആയും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നിർദേശം.
എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പനി ഉണ്ടോ എന്ന് പരിശോധിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ടെന്നും പ്രസ്താനയിൽ പറയുന്നു.
സൗത്ത് സുഡാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് രോഗം പടരാൻ ഉയർന്ന സാധ്യതയുണ്ട്. ഇന്ത്യയിൽ ഇതുവരെ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദേശിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം മധ്യ ആഫ്രിക്കയിൽ എബോള വൈറസ് രോഗം അതിവേഗം വ്യാപിക്കുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സംശയിക്കുന്ന കേസുകളുടെ എണ്ണം 867 ആയി ഉയർന്നു. മരണസംഖ്യ 204 ആയി. ഇവരുടെ മരണകാരണം എബോള വൈറസ് രോഗബാധയാണെന്ന് സംശയിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മൂന്ന് പ്രവിശ്യകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയൽരാജ്യമായ ഉഗാണ്ടയിൽ രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരാൾ മരണപ്പെട്ടു.


