18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇന്ത്യയിൽ സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 ആക്കാനാണ് തീരുമാനം. സൈബർ ബുള്ളീയിങ് ഉൾപ്പെടെയുള്ളവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെയുള്ള ഈ നീക്കം.

ദില്ലി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിന്മേൽ നിയമപരമായി നിയമപരമായി നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഐടി ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്ലാറ്റ്‌ഫോമുകൾക്ക് ഇതിനുള്ള നിയമപരമായ ബാധ്യത നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ഉണ്ടാക്കുന്ന കരാറുകൾ നിയമപരമായി അസാധുവാണെന്ന സുപ്രീം കോടതിയുടെയും ഹർജിക്കാരായ 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' എന്ന എൻ‌ജി‌ഒയുടെയും നിരീക്ഷണത്തോട് കേന്ദ്രം യോജിച്ചു.

സുപ്രീം കോടതിയുടെയും കേന്ദ്രത്തിന്റെയും പ്രധാന നിലപാടുകൾ

സോഷ്യൽ മീഡിയ കമ്പനികൾ യു.എസ് നിയമങ്ങൾ അനുസരിച്ചുള്ള പ്രായപരിധിയാണ് ഇന്ത്യയിലും നടപ്പിലാക്കുന്നതെന്നും അത് ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാനുള്ള കുറഞ്ഞ പ്രായപരിധി ഇന്ത്യയിൽ 18 വയസായി നിജപ്പെടുത്താൻ പ്ലാറ്റ്‌ഫോമുകൾ നിർബന്ധിതരാകും. അതേ സമയം, മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾക്ക് വിദ്യാഭ്യാസ സംബന്ധമായ വെബ്‌സൈറ്റുകളിൽ അക്കൗണ്ട് എടുക്കാവുന്നതാണ്.നിയമവിരുദ്ധമായ കാര്യങ്ങൾ തടയാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും. പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടി വരുമെന്നും സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.

ഓൺലൈൻ ലൈംഗിക ചൂഷണം, സൈബർ ബുള്ളീയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, കുട്ടികളെ വഴിതെറ്റിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.