Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുന്ന ബില്ലുകളിൽ നിയമോപദേശം തേടി കേന്ദ്രം

പാർലമെന്‍റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ജമ്മു കശ്മീരിന് സവിശേഷ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ എടുത്തു കളയുന്ന ബില്ലുകൾ സർക്കാർ ഈ ദിവസങ്ങളിൽ കൊണ്ടു വന്നേക്കുമെന്നാണ് അഭ്യൂഹം. 

centre seeks legal assistance on the bills withdrawing special powers to jammu & kashmir
Author
Srinagar, First Published Aug 4, 2019, 11:30 AM IST

ദില്ലി: ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടി. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370, സംസ്ഥാനത്തെ സ്ഥിരം പൗരൻമാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ എടുത്തു കളയാനുള്ള ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിലാണ് കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. 

ഭരണഘടനയുടെ അനുച്ഛേദങ്ങളായതിനാൽത്തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് വെറുതെ പാസ്സായാൽ പോര. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ ഇത് നിയമമാകൂ. ജമ്മു കശ്മീരിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിൽ അതിന് മുമ്പ് ഈ ബില്ലുകൾ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയസന്ദേശം നൽകാൻ ബിജെപി ശ്രമിക്കും. പാർലമെന്‍റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഇതിന് മുമ്പ്, ബില്ലുകൾ ലോക്സഭയിലെങ്കിലും അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാൻ കഴിയുമോ എന്നാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. രാജ്യസഭയിൽ നിലവിലെ ഭൂരിപക്ഷം വച്ച് കേന്ദ്രസർക്കാരിന് ഈ ബില്ല് പാസ്സാക്കാനാകില്ല. 

എന്നാൽ അത്തരത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളെക്കുറിച്ചറിയില്ല എന്നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വ്യക്തമാക്കുന്നത്. ജമ്മു കശ്മീരിൽ തീവ്രവാദഭീഷണികളുണ്ട്. അതിർത്തിയിൽ നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. അമർനാഥ് യാത്രയ്ക്ക് നേരെ തീവ്രവാദഭീഷണികളുണ്ടായിരുന്നു. അതിനാലാണ് സൈനികവിന്യാസം ഏർപ്പെടുത്തുന്നതെന്നും സുരക്ഷ കർശനമാക്കുന്നതെന്നും വിനോദ സഞ്ചാരികളോട് അടക്കം തിരികെ പോകാൻ നിർദേശിച്ചതെന്നും ഗവർണർ വ്യക്തമാക്കി. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. 

കാരണങ്ങൾ വ്യക്തമാക്കാതെ, ജനങ്ങളെ പരിഭ്രാന്തിയിലാഴ്‍ത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾക്ക് പിന്നിൽ എന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരിലെ പ്രധാന പാർട്ടികളായ നാഷണൽ കോൺഫറൻസും പിഡിപിയും ഗവർണറെ കണ്ടിരുന്നു. സംസ്ഥാനത്തിന്‍റെ പ്രത്യേകാധികാരങ്ങൾ എടുത്തുകളയുകയോ, വിഭജനമോ ഇപ്പോൾ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി തനിയ്ക്ക് അറിവുകൾ കിട്ടിയിട്ടില്ലെന്ന്, ഗവർണർ പറഞ്ഞതായി, എൻസി അധ്യക്ഷൻ ഒമർ അബ്ദുള്ള പറഞ്ഞു. എന്നാൽ ഇത്തരം ഉറപ്പുകൾ ഗവർണർ മാത്രമല്ല, കേന്ദ്രസർക്കാരും നൽകണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. 

അമിത് ഷാ ജമ്മു കശ്മീരിലേക്കെത്തും

പാർലമെന്‍റ് സമ്മേളനം അവസാനിച്ചതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തുമെന്നാണ് വിവരം. അമർനാഥ് യാത്ര വെട്ടിക്കുറയ്ക്കാൻ തീർത്ഥാടകർക്ക് നിർദേശം നൽകുകയും സംസ്ഥാനത്ത് സൈനിക വിന്യാസം കൂട്ടുകയും, വിനോദസഞ്ചാരികളോട് അടക്കം മടങ്ങാൻ നിർദേശിക്കുകയും ചെയ്തതിൽ താഴ്‍വരയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തുന്നത്. 

ആദ്യം ജമ്മുവിലും പിന്നീട്, കശ്മീർ താഴ്‍വരയിലുമെത്തുമെന്നാണ് വിവരം. ഇതിനായുള്ള യാത്രാ പ്ലാൻ തയ്യാറാക്കി വരികയാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ. 

Follow Us:
Download App:
  • android
  • ios