വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും സിഇഒയുടെ നിര്‍ദേശം.

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് സിഇഒയുടെ കത്ത്. വീഴ്ച പാടില്ല. നിലവിലെ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും സിഇഒ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അതിക്രമം നടന്ന ശേഷം മറ്റൊരു സീറ്റ് കിട്ടാൻ അര മണിക്കൂർ വിമാനത്തിൽ നിൽക്കേണ്ടി വന്നെന്നും എയർപോർട്ടിൽ എത്തിയ ശേഷം ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ പരിഗണിച്ചില്ലെന്നും വൃദ്ധയുടെ പരാതിയായി എഫ്ഐആറിൽ പറയുന്നുണ്ട്. ശങ്കർ മിശ്ര തനിക്ക് മുന്നിൽ കരഞ്ഞ് മാപ്പ് അപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു. വിമാനം ലാൻഡ് ചെയ്തതപ്പോൾ ശങ്കർ മിശ്രയെ പോകാൻ വിമാന ജീവനക്കാർ അനുവദിച്ചെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. 

അതിനിടെ വിമാനത്തിലെ അതിക്രമത്തിൽ പ്രതി ശങ്കർ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ പ്രതി വിദേശത്തേക്ക് കടയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. മുംബൈയിലെ മിശ്രയുടെ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. മുംബൈ സ്വദേശിയെന്നാണ് മിശ്ര ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകിയ വിലാസം. എന്നാൽ മുംബൈയിൽ എത്തിയ ദില്ലി പൊലീസ് സംഘത്തിന് ഇയാളെ കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് നാല് വിമാനക്കമ്പനി ജീവനക്കാരുടെ മൊഴി എടുത്തു. കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം കൈകാര്യംചെയ്തതില്‍ വീഴ്ച സംഭവിച്ചതിന് എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് ഡയറക്ടറ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എയര്‍ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും അത് വ്യോമയാന സംവിധാനത്തിന്‍റെ പരാജയത്തിലേക്ക് നയിച്ചെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.