ഡൽഹിയിലെ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. 50 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
ഡൽഹി: ഡൽഹിയിലെ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പിടിയിലായ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി 50 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ആഗ്രയിൽ നിന്നും പിടിയിലായത്. വളരെ ആസൂത്രിതമായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. ഒളിവിൽ കഴിഞ്ഞ 50 ദിവസത്തിനിടെ 15 ഹോട്ടലുകളിലാണ് പ്രതി മാറിമാറി താമസിച്ചത്. പൊലീസിനെ വെട്ടിക്കാനും ആളുകൾ തിരിച്ചറിയാതിരിക്കാനും വേണ്ടി സിസിടിവി ക്യാമറകളില്ലാത്ത വിലകുറഞ്ഞ ഹോട്ടലുകളിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾക്കൊപ്പം സഹായികളുമുണ്ടായിരുന്നു.
അറസ്റ്റിലായത് ആഗ്രയിൽ നിന്ന്
62 വയസ്സുകാരനായ പ്രതിയെ ഞായറാഴ്ച ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നിലവിൽ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുമായി ഇയാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നില്ലെന്നും അധികൃതർ പറയുന്നു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് ചൈതന്യാനന്ദ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. ഫോൺ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ, ഫോണുകളുടെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെയും പാസ്‌വേഡുകൾ മറന്നുപോയെന്നും ഇയാൾ പറഞ്ഞു. മൂന്ന് ഫോണുകളും ഒരു ഐപാഡും പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്കെതിരെയുള്ള ചൈതന്യാനന്ദയുടെ പീഡന കഥ പുറത്തുവന്നത്, ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെൻ്റ്-റിസർച്ചിൻ്റെ മാനേജ്‌മെൻ്റിന് പൂർവ്വ വിദ്യാർത്ഥിനി കത്ത് നൽകിയതോടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളെ ചൈതന്യാനന്ദ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അവർ കത്തിൽ ആരോപിച്ചിരുന്നു. വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും കാണിച്ച് നിരവധി വിദ്യാർത്ഥിനികൾ നൽകിയ പരാതികൾ ഈ ഇമെയിലിൽ ഉൾപ്പെടുത്തിയിരുന്നു.


