32 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തി.
ചെയർമാനായിരിക്കെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളെ കൂട്ടമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ദില്ലിയില്‍ ഏറെ ആരാധകരുള്ള 'ആൾദൈവം' സ്വാമി ചൈതന്യാനന്ദ സരസ്വതിയെ (62) ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ കുറിച്ചുള്ള പല കാര്യങ്ങളും തെറ്റായ വിവരങ്ങളും നുണകൾ നിറഞ്ഞതുമാണെന്നും പോലീസ് കണ്ടെത്തി. ഇന്ന് (2025 സെപ്റ്റംബർ 28) ആഗ്രയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കീഴിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ഒന്നിലധികം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
കൊടുംകുറ്റവാളി
ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്‍റ് റിസർച്ച് എന്ന കോളേജിനറെ മുൻ ചെയർമാനായിരുന്നു സ്വാമി ചൈതന്യാനന്ദ സരസ്വതി. ഈ കോളേജിന്‍റഎ ഉടമസ്ഥരായ ശൃംഗേരി ശാരദ പീഠത്തിന്‍റെ പരാതിയെത്തുടർന്ന് ഇയാൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒളിവിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ലൈംഗികാതിക്രമ കേസിലെ അറസ്റ്റിന് പിന്നാലെ ദില്ലി കോടതി ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റിഡിയില്‍ വിട്ട് നല്‍കി.
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 21 വയസുള്ള ഒരു യുവതിയെ അടക്കം 32 സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചതായി ആറ് പേജുള്ള എഫ്ഐആറില്‍ പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ഈ സ്ഥാപനത്തില്‍ നിന്നും ഇയാൾ കോടികൾ തട്ടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇയാൾക്കെതിരെ മുമ്പ് അഞ്ചോളം കേസുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. 2016-ൽ തന്നെ ഒരു വിദ്യാർത്ഥി ഇയാൾക്കെതിരെ ലൈംഗീക പരാതി നല്‍കിയിരുന്നു. അതിനൊപ്പം വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ നേരത്തെ തന്നെ ഉയർന്നിരുന്നു.
വ്യാജ വിലാസങ്ങൾ
യുഎൻറെ (ഐക്യരാഷ്ട്രസഭ) അടയാളങ്ങളുള്ള ഒമ്പത് വ്യാജ നയതന്ത്ര നമ്പറുകൾ ഇയാൾ തന്‍റെ കാറുകളില്‍ ഉപയോഗിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡർ എന്ന് വിസിറ്റിംഗ് കാർഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നതായി പോലീസ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രത്യേക ദൂതനെന്നും ബ്രിക്സ് രാജ്യങ്ങളുടെ ജോയിന്‍റ് കമ്മീഷൻ അംഗം എന്നും അടയാളപ്പെടുത്തിയ വ്യാജ വിസിറ്റിംഗ് കാർഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി തനിക്ക് അടുത്ത 'ബന്ധം' ഉണ്ടെന്ന് ഇയാളും സഹായികളും അവകാശപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ ഇല്ലാത്ത ബന്ധം ഉപയോഗിച്ച് ഇയാൾ ഒളിവിൽ കഴിഞ്ഞ കാലത്ത് ഹോട്ടലുകളിലെ താമസം ഉറപ്പാക്കിയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കോടികളുടെ തട്ടിപ്പ്
ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകളിലും 28 സ്ഥിര നിക്ഷേപങ്ങളിലുമായി 8 കോടിയിലധികം രൂപയാണ് പോലീസ് മരവിപ്പിച്ചത്. അതേസമയം 122 കോടി രൂപയുടെ വഞ്ചനയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് . ലൈംഗികാരോപണം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സാമ്പത്തിക കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വർഷം അവസാനം ശൃംഗേരി ശാരദ പീഠം നടത്തിയ ഓഡിറ്റിൽ, 2010 ൽ അദ്ദേഹം സ്ഥാപിച്ച ഒരു സമാന്തര ട്രസ്റ്റിലേക്ക് കോളേജ് ഫണ്ടില്‍ നിന്നും 20 കോടി രൂപ വകമാറ്റിയതായി കണ്ടെത്തിയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
വ്യാജ പാസ്പോർട്ട്
പാർത്ഥസാരഥി എന്നും പേരുള്ള ഇയാൾ വ്യാജ പീഡന പരാതിക്ക് പിന്നാലെ 55 ലക്ഷം രൂപയുമായാണ് ഒളിവില്‍ പോയത്. ഇതിന് പിന്നാലെയാണ് ശൃംഗേരി ശരാദാ മഠം ഇയാളെ കോളേജിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കുകയും പോലീസില്‍ കേസ് നല്‍കുകയുമായിരുന്നു. ഇതിന് പിന്നാലെ ദില്ലി പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഈ സമയം തന്‍റെ വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് ഇയാൾ വ്യാജ പാസ്പോര്‍ട്ടുകൾ സ്ഥമാക്കി. അറസ്റ്റിന് പിന്നാലെ പോലീസ് ചൈതന്യാനന്ദ സരസ്വതി നിന്നും രണ്ട് പാസ്‌പോർട്ടുകൾ കണ്ടെത്തി. ഒന്ന് "സ്വാമി പാർത്ഥ സാരഥി" എന്ന പേരിലും മറ്റൊന്ന് "സ്വാമി ചൈതന്യാനന്ദ സരസ്വതി" എന്ന പേരിലുമായിരുന്നു. രണ്ടിലും മാതാപിതാക്കളുടെ പേരുകളും ജനന സ്ഥലങ്ങളും വ്യത്യസ്തമായിരുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


