സഖ്യ സ‍ർക്കാർ തെറ്റിപ്പിരിയുന്നത് കാത്തിരിക്കുകയാണ് ബിജെപി. പാർലമെന്‍ററി രാഷ്ട്രീയത്തിലെ പുതുമുഖമായ ഉദ്ദവിന് മുകളിൽ സമാന്തര മുഖ്യമന്ത്രിമാരായി സഖ്യകക്ഷികളിലെ മുതിർന്ന മന്ത്രിമാർ ശ്രമിക്കാനിടയുണ്ട്. മന്ത്രിപദങ്ങളിൽ തീരുമാനമെടുക്കാത്തത് തന്നെ സഖ്യത്തിൽ ത‍ർക്കങ്ങൾ തീർന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്

മുംബൈ: ബിജെപിയുടെ തന്ത്രങ്ങളെ തകര്‍ത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വെല്ലുവിളികൾ ഏറെ. ആശയപരമായി മൂന്ന് ധ്രുവങ്ങളിലുള്ള മൂന്ന് പാർട്ടികളെ ഒന്നിച്ച് കൊണ്ടുപോകണമെന്നുള്ളതാണ് അതില്‍ ഏറ്റവും പ്രധാനം. ഒപ്പം സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനത്ത് വികസന പദ്ധതികൾ തുടങ്ങണം.

കർണാടകം ആവർത്തിക്കാതിരിക്കാൻ ഉദ്ധവിന് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നുള്ളത് ഉറപ്പ്. സഖ്യ സ‍ർക്കാർ തെറ്റിപ്പിരിയുന്നത് കാത്തിരിക്കുകയാണ് ബിജെപി. പാർലമെന്‍ററി രാഷ്ട്രീയത്തിലെ പുതുമുഖമായ ഉദ്ദവിന് മുകളിൽ സമാന്തര മുഖ്യമന്ത്രിമാരായി സഖ്യകക്ഷികളിലെ മുതിർന്ന മന്ത്രിമാർ ശ്രമിക്കാനിടയുണ്ട്.

മന്ത്രിപദങ്ങളിൽ തീരുമാനമെടുക്കാത്തത് തന്നെ സഖ്യത്തിൽ ത‍ർക്കങ്ങൾ തീർന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. രഹസ്യ ബാലറ്റോടെ നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞേ തീരുമാനം ഉണ്ടാകൂ. ഭൂരിഭാഗം ഉദ്യോഗസ്ഥരും പൊലീസും ബിജെപി-എൻസിപി അനുകൂലികളായത് ഭരണത്തിൽ മുൻ പരിചയം ഇല്ലാത്ത ഉദ്ധവിന് മറ്റൊരു തലവേദനയാവും.

ആദ്യമന്ത്രിസഭാ യോഗത്തിൽ കർഷകർക്ക് ആശ്വാസമാവുന്ന പ്രഖ്യാപനങ്ങളാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ഛത്രപതി ശിവജിയുടെ തലസ്ഥാനമായ രായ്ഗഡിന്‍റ വികസനത്തിനായുള്ള 20 കോടിയാണ് ആദ്യ പ്രഖ്യാപനം. കാർഷിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

പക്ഷെ 4.71 ലക്ഷം കോടിയിലേറെ രൂപയുടെ കടമുള്ള സംസ്ഥാനത്ത് കാർഷിക കടങ്ങൾ എഴുതിത്തള്ളുക എളുപ്പമല്ല. ഫഡ്നാവിസ് സർക്കാർ തുടങ്ങിവച്ച വമ്പൻ പദ്ധതികൾക്കപ്പുറം പുതിയത് പ്രഖ്യാപിക്കുകയും നിലവിൽ ബുദ്ധിമുട്ടാണ്.