Asianet News MalayalamAsianet News Malayalam

ചമോലിയിൽ കണ്ടെത്താനുള്ളത് 203 പേരെ, തുരങ്കത്തിൽ കുടുങ്ങി 35 പേർ, രക്ഷിക്കാൻ തീവ്രശ്രമം

തപോവൻ ഡാമിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കുകയാണ് ദുരന്തപ്രതികരണസേന. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ അളകനന്ദ, ധൗളിഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

chamoli avalanche live updates many missing rescue operations full on
Author
Chamoli, First Published Feb 8, 2021, 12:43 PM IST

ദില്ലി/ ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ റെനി ഗ്രാമത്തിലെ തപോവൻ അണക്കെട്ടിന് സമീപത്തേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ മരണം 14 ആയി. സ്ഥലത്ത് നിന്ന് 14 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് അറിയിച്ചു. 203 പേരെ കാണാനില്ലെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്. സ്ഥലത്തെ ഒരു തുരങ്കത്തിൽ 35 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐടിബിപിയും ദുരന്തപ്രതികരണസേനയും സൈന്യവും അടക്കമുള്ളവർ. 

തപോവൻ അണക്കെട്ടിലേക്ക് 178 പേർക്കാണ് അന്ന് പാസ്സുകൾ അനുവദിച്ചിരുന്നതെന്ന് ഗർവാൾ റേഞ്ച് ഡിഐജി നീരു ഗാർഗ് പറയുന്നു. ഇതിൽ 27 പേരെ ഇന്നലെയും ഇന്നുമായി രക്ഷപ്പെടുത്തി. നാൽപ്പതോ അമ്പതോ പേർ രണ്ടാമത്തെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം.  ഇവരെ രക്ഷിക്കാനുള്ള നടപടികൾ രിതഗതിയിലാണെന്നും റേഞ്ച് ഡിഐജി വ്യക്തമാക്കുന്നു. ബാക്കിയുള്ളവർ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. രണ്ടരക്കിലോമീറ്റർ നീളമുള്ള തുരങ്കത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 

രാത്രി മുഴുവൻ തെരച്ചിൽ നടത്തിയാണ് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സൈന്യവും അർദ്ധസൈനികവിഭാഗവും ജെസിബികളെത്തിച്ച് രാത്രി മുഴുവൻ മണ്ണ് നീക്കുന്ന ജോലികളിലായിരുന്നു. എട്ട് മണിക്കൂർ നീണ്ട പ്രവർത്തനത്തിന് ശേഷമാണ് തുരങ്കമുഖത്തെ മണ്ണ് നീക്കാനായത്.  

തപോവൻ ഡാമിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കുകയാണ് ദുരന്തപ്രതികരണസേന. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ അളകനന്ദ, ധൗളിഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. മഞ്ഞുമല ഇടിയാൻ ഇനിയും സാധ്യതയുണ്ടോ എന്നറിയാൻ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകൾ സ്ഥലത്ത് ആകാശനിരീക്ഷണം നടത്തുന്നു. 

Follow Us:
Download App:
  • android
  • ios