അടുത്ത ഒരു മണിക്കൂർ നിർണായകമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഡാം സൈറ്റിന് താഴെയുള്ള റിസർവോയറുകൾക്ക് കുതിച്ചു വരുന്ന വെള്ളം തടഞ്ഞുനിർത്താൻ കഴിഞ്ഞാൽ അപകടം പരമാവധി കുറയ്ക്കാം.
ചമോലി: ഉത്തരാഖണ്ഡിന് അടുത്തുള്ള ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായത് വൻദുരന്തം തന്നെയാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഋഷിഗംഗ ഡാം സൈറ്റിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളാണ് കൂട്ടത്തിൽ ഏറ്റവും ഭയാനകം. അണക്കെട്ടിലേക്ക് വെള്ളം ഇരച്ചെത്തുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.

നദിക്കരയിലെ ചില വീടുകൾ അടക്കം ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
നന്ദാദേവിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗ, അളകനന്ദ നദികളുടെ ഭാഗത്ത് കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലേക്കാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ധൗളിഗംഗ തീരത്തെ ചില വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഈ പ്രദേശത്തുള്ള ഋഷിഗംഗ പവർ പ്രോജക്ടിന്‍റെ ഡാം സൈറ്റ് ഭാഗികമായി തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡാം സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അടക്കം 150-ഓളം പേരെ കാണാനില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമികമായ വിവരം.
ജോഷിമഠിൽ നിന്ന് 26 കിലോമീറ്റർ ദൂരെയാണ് റെനിയെന്ന ഗ്രാമം. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.