Asianet News MalayalamAsianet News Malayalam

ചണ്ഡീഗഡിൽ പ്രതിഷേധം തുടർന്ന് വിദ്യാർഥികൾ, ഇന്നും നാളെയും സർവകലാശാലക്ക് അവധി; അന്വേഷണം തുടരുന്നു

ഇന്നലെ പിടിയിയിലായ ആരോപണ വിധേയയായ വിദ്യാർഥിനിയുടെ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പഞ്ചാബ് പൊലീസിന് കൈമാറും

Chandigarh: Students continue to protest, university to remain closed for today and tomorrow
Author
First Published Sep 19, 2022, 7:24 AM IST

ദില്ലി : ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നും ശുചിമുറി ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു. ഇന്നലെ പിടിയിയിലായ ആരോപണ വിധേയയായ വിദ്യാർഥിനിയുടെ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പഞ്ചാബ് പൊലീസിന് കൈമാറും.വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്.ഇന്നും നാളേയും സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

ശുചിമുറി ദൃശ്യങ്ങൾ പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കെതിരായ സഹപാഠികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് സര്‍വകലാശാല അധികൃതരും പൊലീസും പറയുന്നത്. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു.  

വനിതാ ഹോസ്റ്റലില്‍നിന്നും സഹപാഠി ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ചണ്ഡീഗഡ് സർവകലാശാലയില്‍ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം . വിദ്യാർത്ഥികളുടെ പരാതിയില്‍ കഴമ്പില്ലെന്ന് സർവകലാശാല  അധികൃതരും, പോലീസും ആവര്‍ത്തിച്ചതോടെ വിദ്യാ‍ര്‍ത്ഥികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. സംഭവത്തില്‍ അറസ്റ്റിലായ വിദ്യാർത്ഥിയുടെ ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വനിതാ ഹോസ്റ്റലിലെ താമസക്കാരിയായ വിദ്യാർത്ഥിനി സഹപാഠികളായ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകർത്തി സുഹൃത്തിന് അയച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വിദ്യാ‍ര്‍ത്ഥികൾ പരാതി നല്‍കിയെങ്കിലും സർവകലാശാല അധികൃതർ അത് അവഗണിച്ചെന്ന് വിദ്യാ‍ര്‍ത്ഥികൾ പറയുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്നലെ സർവകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു. 

തുടർന്ന് രാവിലെ വിദ്യാർത്ഥികളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ആരോപണം നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൊബൈലില്‍ വിദ്യാർത്ഥിനിയുടെ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് കണ്ടെത്താനായത്. പിന്നീട് മൊഹാലി എസ് പി മാധ്യമങ്ങളെ കണ്ട് അറസ്റ്റിലായ വിദ്യാർത്ഥിനി മറ്റാരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നാലെ സർവകലാശാലയും വിദ്യാർത്ഥിനികളുടെ പരാതികൾ അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചു. 

ഇതോടെയാണ് വിദ്യാർത്ഥികൾ വീണ്ടും പ്രകോപിതരായി പ്രതിഷേധത്തിനിറങ്ങിയത്. അറസ്റ്റിലായ വിദ്യാർത്ഥിനിയുടെ സുഹൃത്തായ ഷിംല സ്വദേശിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും, വിദ്യാർത്ഥിനിയുടെ മൊബൈല്‍ ഫോൺ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പിന്നീട് പഞ്ചാബ് ഐജി അറിയിച്ചു.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി നിരവധി നേതാക്കളും ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് സർവകലാശാല അവധി പ്രഖ്യാപിച്ചു. പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ത്ഥിനികളിൽ ചിലര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത് രംഗം പ്രക്ഷുബ്ധമാക്കിയിരുന്നു. ഏതാണ്ട് നാലായിരത്തോളം പെണ്‍കുട്ടികളാണ് ചണ്ഡീഗഢ് സര്‍വ്വകലാശാല ഹോസ്റ്റലിൽ താമസിക്കുന്നത്. 

 

 

 

ഹോസ്റ്റലിൽ നടന്നതെന്ത്? 60ലധികം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർന്നതായി ആരോപണം, അലയടിച്ച് പ്രതിഷേധം

Follow Us:
Download App:
  • android
  • ios