വിശാഖപട്ടണം: തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്‍റും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. വിശാഖപട്ടണം  വിമാനത്താവളത്തില്‍ വെച്ചാണ് നായിഡുവിനെ കസ്റ്റഡിയില്‍ എടുത്തത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് കസ്റ്റഡിയെന്ന് പൊലീസ് പറഞ്ഞു. സെക്ഷന്‍ 151 സിആര്‍പിസി പ്രകാരമാണ് കസ്റ്റഡി. വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകാനൊരുങ്ങിയ നായിഡുവിനെ പൊലീസ് വിഐപി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തെ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് സൂചന. വിമാനത്താവളത്തിന് പുറത്ത് ടിഡിപി, വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.