ഹൈദരാബാദ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ 1.75 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. കര്‍ഷകരും പാവപ്പെട്ടവരും കൊവിഡ് 19നെ എങ്ങനെ നേരിടുമെന്നറിയാതെ ബുദ്ധമുട്ടുന്നതിനിടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സർക്കാർ മാനവികതയുടെ പ്രതീകമാണെന്ന് നായിഡു പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യയെപ്പോലൊരു രാജ്യം കോവിഡ് ഭീഷണി നേരിടുമ്പോള്‍ മാര്‍ച്ച് 22ന് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചത് സമയോചിതമായ തീരുമാനമാണെന്നും ഇത് മറ്റുള്ളവർക്ക് മാതൃകയാണെന്നും ടിഡിപി നേതാവ് കത്തിൽ കുറിച്ചു.

"സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സഹായിക്കുന്നതിനായി 1,75,000 കോടി രൂപയുടെ പാക്കേജ് കൊണ്ടുവന്നത് പ്രശംസനീയമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം ഇന്‍ഷുറന്‍സ് അവരുടെ ത്യാഗത്തിന് കൃത്യസമയത്ത് കൊടുത്ത അംഗീകാരം കൂടിയാണ്," നായി‍ഡു കത്തിൽ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഈ പ്രക്ഷുബ്ധമായ സമയത്ത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഒരു സാമ്പത്തിക പാക്കേജ് നൽകുന്നത് പ്രാധാന്യമുള്ളതാണെന്നും മോദിയുടെ മികച്ച നേതൃത്വത്തിലൂടെ ഇന്ത്യ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും നായിഡു കത്തില്‍ കുറിച്ചു.