മുംബൈ:മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം 220 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍. പാര്‍ട്ടികള്‍ തമ്മില്‍  പ്രശ്നങ്ങളൊന്നുമില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് 220 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച അതിന്‍റെ അവസാന ഘട്ടത്തിലാണ്. ശിവസേന ബിജെപിസഖ്യം തകരുമെന്ന പ്രത്യാശയില്‍ ജീവിക്കുന്നവര്‍ നിരാശപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 220 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇതുവരെയും സീറ്റ് ധാരണയായിട്ടില്ല. സീറ്റ് വിഭജനത്തില്‍ ധാരണയാകാതിരുന്നതിനെത്തുടര്‍ന്ന് 2014 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കി. എന്നാല്‍ ഇത്തവണ  50-50 സീറ്റ് വിഭജനം നടക്കില്ലെന്നുറപ്പായതായും ശിവസേന നിലപാട് മയപ്പെടുത്തുമെന്നുമാണ് നിലവിലെ സ്ഥിതി.