ദില്ലി: വോട്ടെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ  ബിജെപിക്കെതിരെ വോട്ടു ചെയ്യാൻ ദില്ലിയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇന്ത്യൻ ഭരണഘടന ഇന്ന് അപകടാസ്ഥയിലാണെന്നും ഭരണഘടന നിലനിൽക്കുമ്പോൾ മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ആസാദിന്റെ പ്രതികരണം.

''ജയ് ഭീം സുഹൃത്തുക്കളേ, ഇന്ത്യൻ ഭരണഘടന ഇന്ന് അപകടത്തിലാണ്. ഭരണഘടന നിലനിൽക്കുമ്പോൾ മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ, അതിനാൽ ഭരണഘടന വിരുദ്ധ ബിജെപിയെ പരാജയപ്പെടുത്താൻ ചിന്തിച്ച് വോട്ടുചെയ്യാൻ ദില്ലിയിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഭരണഘടന സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയാണ്. ജയ് ഭീം''- ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒരു വീഡിയോയും ആസാദ് പങ്കുവച്ചിട്ടുണ്ട്.

ഫെബ്രുവരി എട്ടാം തീയതിയാണ് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.11ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 2015-ല്‍ നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി ദില്ലിയിലുടെ അധികാരം പിടിച്ചെടുത്തത്. അതേസമയം 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.