ദില്ലി: നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന കാർഷിക ബില്ലുകളെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എതിർക്കുമെന്ന് പാർട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പറഞ്ഞു. ഈ ബില്ലുകൾ കർഷകരോട് വളരെയധികം അനീതി കാണിക്കുന്നതാണെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

ബില്ലുകൾ മധുരത്തിൽ ​പൊതിഞ്ഞ ഗുളികകളാണ്. ടിആർഎസ്​ എംപിമാരോട്​ ബില്ലിനെ പാർലമെന്റിൽ പല്ലും നഖവും ഉപയോഗിച്ച്​ നേരിടാൻ നിർദേശിച്ചതായും ചന്ദ്രശേഖർ റാവു പറഞ്ഞു. ബില്ലുകൾ കോർപ്പറേറ്റുകൾക്ക് ഗുണം ചെയ്യുന്നതാണെന്നും ഇവ രാജ്യസഭയിൽ അവതരിപ്പിക്കുമ്പോൾ ‍എതിർക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

ലോക്​സഭയിൽ അവതരിപ്പിച്ച ബില്ലുകൾ പ്രതിപക്ഷ പാർട്ടികളും ഇടതുപാർട്ടികളും എതിർത്തിരുന്നു. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കർഷക ​പ്രക്ഷോഭത്തെ തുടർന്ന്​ ശിരോമണി അകാലിദളിൻെറ മന്ത്രി ഹർസിമ്രത്​ കൗർ ബാദൽ മന്ത്രിസഭയിൽനിന്ന്​ രാജിവെക്കുകയും ചെയ്​തിരുന്നു. 

അതേമസമയം, കാര്‍ഷിക ബില്ലിന്റെ പേരില്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ബില്ലിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കില്ലെന്നതാണ് പ്രധാന പ്രചാരണമെന്നും മോദി ആരോപിച്ചു.