ദില്ലി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടി എന്നാണ് പാർട്ടിയുടെ പേര്. ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്‍റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലാണ് പാർട്ടി പ്രഖ്യാപനം നടന്നത്. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരത്തിന്‍റെ പ്രധാനമുഖങ്ങളില്‍ ഒന്നായിരുന്ന ചന്ദ്രശേഖര്‍ ആസാദ് സമരപരിപാടികളുടെ ഭാഗമായി നേരത്തെ ജയിലില്‍ അടക്കപ്പെട്ടിരുന്നു.

കാൻഷി റാം മുന്നോട്ട് വച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പാർട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളിൽ ഉത്തർപ്രദേശിൽ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസ്  പ്രഖ്യാപന സമ്മേളനത്തിന് അനുമതി നൽകിയിരുന്നില്ല. ഇതിനെതിരെ വലിയ വിമർശനം ഉയർന്നതോടെ പരിപാടി നടത്താൻ അനുമതി നൽകുകയായിരുന്നു. 

ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക പേരില്‍ തെരഞ്ഞെടുത്തത്. ഭീം ആർമി സ്റ്റുഡന്‍സ് ഫെഡറേഷൻ (ബി എ എസ് എഫ്) എന്ന പേരിൽ വിദ്യാർത്ഥി സംഘടനയ്ക്ക് ഭീം ആർമി നേരത്തെ രൂപം നൽകിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ - സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ നേരത്തെ  അറിയിച്ചിരുന്നു. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ഥിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക