ദില്ലി: ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി പൊലീസിന് കത്തെഴുതി.  ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അതിനുള്ള സമയവും സാഹചര്യവും നല്‍കണമെന്നുമാണ് കത്തിലൂടെ ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ കത്തിന് ദില്ലി പൊലീസ് മറുപടി നല്‍കിയിട്ടില്ല.
ഇതേ ആവശ്യം ഉന്നയിച്ച് ലെഫ്റ്റനന്‍റ് ഗവർണക്കും ആസാദ് കത്ത് നല്‍കി. ദില്ലിയിലെ സ്ഥിതിഗതികളിൽ ആശങ്കയെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. 

പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ വടക്കു കിഴക്കന്‍ ദില്ലിയില്‍ വന്‍ കലാപത്തിനാണ് തുടക്കമിട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ നാലുപേര്‍ മരിച്ചു. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാലും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഡോണൾഡ്‌ ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനം  പുകയുന്നത്. നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ ഏറ്റുമുട്ടുകയായിരുന്നു. നിരവധി വീടുകൾക്ക് തീയിടുകയും രണ്ട് കാറും ഓട്ടോറിക്ഷയും അഗ്‍നിക്കിരയാക്കുകയും ചെയ്‍തു. ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘർഷം വ്യാപിച്ചു.