ബംഗലൂരു: ചന്ദ്രയാൻ രണ്ടിന്‍റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയായി. ഇന്ന് രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 1190 സെക്കന്റുകൾ കൊണ്ട് പൂർത്തിയായി. ചന്ദ്രനിൽ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും 1412 കിലോമീറ്റര്‍ കൂടിയ ദൂരവും ആയിട്ടുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാൻ 2 ഇപ്പോൾ ഉള്ളത്.

ഓഗസ്റ്റ് 30 നാണ് അടുത്ത ഭ്രമണപഥ മാറ്റം. സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രയാൻ രണ്ടിന്‍റെ സോഫ്റ്റ് ലാൻഡിംഗ് സെപ്റ്റംബർ ഏഴിന് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. പുലർച്ചെ 1:30നും 2:30നും ഇടയിലായിരിക്കും ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടക്കുക.