ഐ എസ് ആർ ഒയിൽ സുപ്രധാന മാറ്റങ്ങൾ. ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി ശാസ്ത്രജ്ഞൻ എസ് ആർ ബിജുവിനെ നിയമിച്ചു. യു ആർ റാവു സാറ്റലൈറ്റ് സെന്‍റർ മേധാവിയായി ഡി കെ സിങ്ങും ചുമതലയേൽക്കും.
ദില്ലി: ഐ എസ് ആർ ഒ തലപ്പത്ത് മാറ്റങ്ങള്‍. ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി (HSFC) മലയാളിയെ നിയമിച്ചു. എസ് ആർ ബിജുവാണ് പുതിയ എച്ച് എസ് എഫ് സി മേധാവി. ഗഗൻയാൻ പദ്ധതിയുടെ ചുമതലക്കാരനാകും അദ്ദേഹം. ഗഗൻയാന്‍റെ ആദ്യ ആളില്ലാ ദൗത്യത്തിന് എസ് ആർ ബിജു നേതൃത്വം നൽകും. പി എസ് എൽ വിയുടെ നിർണായക ദൌത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ശാസ്ത്രജ്ഞനാണ് എസ് ആർ ബിജു.
യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിനും പുതിയ മേധാവിയായി. എം ശങ്കരൻ വിരമിക്കുന്ന ഒഴിവിൽ ഡി കെ സിങ് യു ആർ എസ് സി തലവനാകും. നിലവിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയാണ് ഡി കെ സിങ്. ആഗസ്റ്റ് 31ന് ഡി കെ സിങ് ചുമതലയേറ്റെടുക്കും.
യു ആർ എസ്‍ സിയിലും കൂടുതൽ മാറ്റങ്ങളുണ്ട്. ആർ ആൻഡ് ഡി വിഭാഗം ഡയറക്ടറായി എസ് സുധാകറിനെ നിയമിച്ചു. പ്രൊജക്ട്സ് വിഭാഗം ഡയറക്ടറായി ജസ്‍വീന്ദർ സിങ് ഖൊറാൽ വരും. ഈ രണ്ട് പദവികളും പുതുതായി സൃഷ്ടിച്ചവയാണ്.

