ദില്ലി: ഇന്ത്യന്‍ ഭരണഘടനയില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റം അനിവാര്യമാണെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. "കാലത്തിന് അനുസരിച്ചുള്ള മാറ്റം ഭരണഘടനയിൽ അനിവാര്യമാണ്. ജനതാല്‍പ്പര്യത്തിനൊപ്പം ഭരണഘടന മാറിയില്ലെങ്കിൽ അത് രാജ്യത്തിന് എതിരാകും. ജുഡീഷ്യറിക്ക് എതിരെയുള്ള അനാവശ്യ വിമര്‍ശനങ്ങളില്‍ ആശങ്കയുണ്ട്. സുപ്രീംകോടതിക്ക് എതിരെയുള്ള ആക്രമണങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്". നാം നമുക്കെതിരെ തന്നെ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ രാജ്യത്ത് തകര്‍ക്കപ്പെടുന്നുവെന്ന വിമര്‍ശനങ്ങളെയും അറ്റോര്‍ണി ജനറല്‍ തള്ളി. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ഭരണഘടന കല്ലിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം റിപ്പബ്ളിക്കായി ഏഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഭരണഘടന വിദഗ്ധൻ കൂടിയായ വേണുഗോപാലിന്‍റെ പ്രതികരണം. റിപ്പബ്ളിക് ദിന ആഘോഷ ചടങ്ങുകൾക്കുള്ള ഒരുക്കൾ രാജ്പഥിൽ പൂര്‍ത്തിയായി. ബ്രസീലിയൻ പ്രസിഡന്‍റ് ജെയിര്‍ ബോൽസനാരോയാണ് ഇത്തവണത്തെ മുഖ്യാതിഥിയായി എത്തുന്നത്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ട് കനത്ത സുരക്ഷയിലാണ് ദില്ലി. 

"