അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിൻ്റെ കോടതി മുറിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ സാധനങ്ങൾ തല്ലിത്തകർത്തു. അഭിഭാഷകനോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചത്.
അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. കോടതി മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ഇവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു. ജസ്റ്റിസ് അജയ് ഭനോടിൻ്റെ കോടതി മുറിയാണ് പ്രതിഷേധക്കാർ തല്ലിത്തകർത്തത്. അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ജസ്റ്റിസിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതാണ് നിയന്ത്രണം വിട്ട് അക്രമാസക്തമായത്.
സംഭവത്തിന് പിന്നാലെ ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്വാൾ കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. കോടതി മുറിയിൽ അക്രമം നടത്തിയവരെ കണ്ടെത്താനാണിത്. ഗുരുതരമായ കുറ്റകൃത്യം എന്നാണ് അക്രമത്തെ ജസ്റ്റിസ് കുറ്റപ്പെടുത്തിയത്.
കോടതി മുറികളിൽ ആക്രമണം നടത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമാണ്. അഭിഭാഷകർക്കായി നീക്കിവച്ച നിരയിൽ പോലീസ് ഉദ്യോഗസ്ഥൻ ഇരുന്നതിനെ എതിർത്ത അഭിഭാഷകനെതിരെ ജസ്റ്റിസ് അജയ് ഭാനോട്ട് നടപടിയെടുത്തിരുന്നു. അഭിഭാഷകരുടെ നിരയിൽ ഇരുന്ന പൊലീസ് സൂപ്രണ്ടിനോട് മാപ്പുപറയാൻ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇതാണ് ബാർ അസോസിയേഷനെ പ്രകോപിപ്പിച്ചത്. അഭിഭാഷകനെ ജയിലിലേക്ക് അയയ്ക്കുമെന്ന് ജസ്റ്റിസ് അജയ് ഭാനോട്ട് ഭീഷണിപ്പെടുത്തിയതായും മറ്റൊരു മുതിർന്ന അഭിഭാഷകനെ ജസ്റ്റിസ് പരിഹസിച്ചതായും ബാർ അസോസിയേഷൻ ആരോപിക്കുന്നു. ജസ്റ്റിസ് അജയ് ഭാനോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട അഭിഭാഷകർ ഇദ്ദേഹത്തിൻ്റെ കോടതി ബഹിഷ്കരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






