ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവുമായി സമാജ് വാദി പാർട്ടി. സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ ആഗ്രയിലെയും മൊറാദാബാദിലെയും സീറ്റുകൾ ബിജെപി നേടി. ആഗ്രയിൽ വൻ ക്രമക്കേട് നടന്നെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
ദില്ലി: ഉത്തർപ്രദേശിൽ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നല്ല പ്രകടനവുമായി സമാജ് വാദി പാർട്ടി. മത്സരം നടന്ന പതിനൊന്ന് സീറ്റിൽ ആറെണ്ണം ബിജെപി വിജയിച്ചപ്പോൾ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിക്കുകയോ മുന്നിട്ടു നിൽക്കുകയോ ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ടീച്ചേഴ്സ്, ഗ്രാജുവേറ്റ്സ് സീറ്റുകൾ വിജയിക്കാനായത് എസ്പിക്ക് നേട്ടമായി.
അതേസമയം സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ ആഗ്രയിലെയും മൊറാദാബാദിലെയും സീറ്റുകൾ ബിജെപി നേടി. ആഗ്രയിൽ വൻ ക്രമക്കേട് നടന്നെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ മത്സരം നടന്ന നാലു സീറ്റുകളും വിജയിച്ച് ബിജെപി സഖ്യം കരുത്തു കാട്ടി. മഹാരാഷ്ട്രയിൽ എൻഡിഎ മുൻതൂക്കം നേടി. ബീഹാറിൽ പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടിക്ക് ഒരു സീറ്റിൽ വിജയിക്കാനായി. കോൺഗ്രസിന് ഒരിടത്തും സീറ്റു കിട്ടിയില്ല. ബാലറ്റ് പേപ്പറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്തും ഒരു സീറ്റു പോലും വിജയിക്കാൻ കോൺഗ്രസിനായില്ലെന്ന് ബിജെപി പരിഹസിച്ചു.






