നാല് സംസ്ഥാനങ്ങളിലായി 28 സീറ്റുകളിലേക്ക് നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം. കർണാടക, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മത്സരിച്ച ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഉത്തർപ്രദേശിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

ദില്ലി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിലും വിജയിക്കാനാവാതെ കോണ്‍ഗ്രസ്. ആകെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. നേരത്തെ വിജയിച്ച സീറ്റുകൾ പോലും കോണ്‍ഗ്രസിന് നിലനിർത്താനായില്ല. ഭരണത്തിലിരുന്നിട്ടും ഒരു സീറ്റ് പോലും നേടാനാകാതെ പോയ കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.

കർണാടക- കോണ്‍ഗ്രസ് മത്സരിച്ചത്: 4, ജയിച്ചത്: 0

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ കോണ്‍ഗ്രസ് ദയനീയമായ പരാജയമാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ ഒന്ന് കോൺഗ്രസ് മുൻപ് കൈവശം വച്ചിരുന്നതാണ്. എന്നാൽ ഇത് ജെ ഡി (എസ്) പിടിച്ചെടുത്തു. അതോടെ എൻ ഡി എ കർണാടകയിൽ സമ്പൂർണ്ണ വിജയം നേടി.

ബിഹാർ- കോണ്‍ഗ്രസ് മത്സരിച്ചത്: 5, ജയിച്ചത്: 0

സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ആർ ജെ ഡിയും കോൺഗ്രസും വെവ്വേറെയാണ് ബിഹാറിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതിൽ ഒരു സീറ്റിൽ കോണ്‍ഗ്രസ് വിജയിച്ചിരുന്നെങ്കിലും ഇത്തവണ ഒരു സീറ്റിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝാ കൈവശം വച്ചിരുന്ന ദർഭംഗ അധ്യാപക സംവരണ മണ്ഡലത്തിൽ പ്രശാന്ത് കിഷോറിന്റെ പാർട്ടി വിജയം നേടി അക്കൗണ്ട് തുറന്നു.

മഹാരാഷ്ട്ര- കോണ്‍ഗ്രസ് മത്സരിച്ചത്: 3, ജയിച്ചത്: 0

മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ ശരദ് പവാറിന്റെ എൻ സി പിയും മത്സരിച്ചു. കോൺഗ്രസ് മത്സരിച്ച മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം മുൻപ് പാർട്ടി വിജയിച്ചതായിരുന്നു എങ്കിലും ഇത്തവണ ഒന്നിൽ പോലും ജയിക്കാനായില്ല. നേരെമറിച്ച്, എൻ സി പി മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. പുനെയിൽ ഗ്വാജ്വേറ്റ് മണ്ഡലത്തിൽ എൻ സി പി (എസ്.പി) സ്ഥാനാർത്ഥി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോൾ, പൂനെ അധ്യാപക സംവരണ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഉദ്ധവ് താക്കറെയുടെ ശിവസേന സഖ്യമില്ലാതെ ഒറ്റയ്ക്ക് എല്ലാ സീറ്റുകളിലും മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു.

ഉത്തർ പ്രദേശിൽ മത്സരിച്ചില്ല

ഉത്തർ പ്രദേശിൽ 11 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. 11 സീറ്റിൽ ആറെണ്ണം ബിജെപി വിജയിച്ചപ്പോൾ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ടീച്ചേഴ്സ്, ഗ്രാജുവേറ്റ്സ് സീറ്റുകൾ വിജയിക്കാനായത് എസ്പിക്ക് നേട്ടമായി.