.ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ,  പ്രതിഷേധിച്ച് അമരീന്ദർ സിംഗ്  ചടങ്ങ് ബഹിഷ്ക്കരിച്ചു. 

ദില്ലി: പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങ് ബഹിഷ്ക്കരിച്ചു. 

ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. 
ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എഐസിസി നേതാക്കൾ ട്വീറ്റ് ചെയ്തത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്‍റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാൽ ‍ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്ന് സിദ്ദു വാദിച്ചു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നു. അമരീന്ദര്‍സിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തില്‍ സിദ്ദുവിനൊപ്പം ചേരുകയായിരുന്നു. ഭാവിയില്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുന്‍ നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര‍്‍ത്തുകയാണെന്നാണ് സൂചന.

ചന്നിയുടെ പേര് നിർദ്ദേശിക്കാൻ നവ്ജ്യോത് സിം​ഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎൽമാർ മാത്രമാണെന്ന വിവരവും ഇതിനിടെ പുറത്തു വന്നു. കൂടുതൽ എംഎൽഎമാർ സുനിൽ ജാഖറിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് സൂചനകൾ. പഞ്ചാബിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെതിരെ സുനിൽ ജാഖർ രം​ഗത്തെത്തിയിട്ടുണ്ട്. സിദ്ദുവിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രസ്താവന അമ്പരപ്പിച്ചു. മുഖ്യമന്ത്രിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് റാവത്ത് നടത്തിയത്. ഉയർന്ന പദവിയിലിരിക്കുന്നവർ ശ്രദ്ധിച്ച് വേണം ഇത്തരം പ്രസ്താവനകൾ നടത്താനെന്നും ജാഖർ പറഞ്ഞു.

അതിനിടെ, അതിർത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങൾ വിശദീകരിച്ച് അമരീന്ദർ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തു നല്കിയിട്ടുണ്ട്. 

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിംഗിനെ തെരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസിനെതിരെ ഒളിയമ്പയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റേത് വെറും തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് മായാവതി വിമര്‍ശിച്ചു. ചെന്നിയെ മുന്‍നിര്‍ത്തിയായിരിക്കില്ല അടുത്ത തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക. ദളിതരെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നതിന്‍റെ തെളിവാണിതെന്നും മായാവതി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona