Asianet News MalayalamAsianet News Malayalam

വമ്പൻ പ്രഖ്യാപനം, ലക്ഷ്യം തെരഞ്ഞെടുപ്പ്! ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗ്യാസ് നൽകാൻ ഈ സംസ്ഥാനം

നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ നൽകുമെന്ന് മധ്യപ്രദേശിൽ നേരത്തെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

Cheapest price for LPG Cylinders in india Big announcement aiming election btb
Author
First Published Sep 15, 2023, 5:52 PM IST

ഭോപ്പാല്‍: രാജ്യത്ത് ഏറ്റവും വില കുറച്ച് പാചകവാതക സിലണ്ടറുകള്‍ നല്‍കുന്ന സംസ്ഥാനമായി മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് എല്‍പിജി സിലണ്ടറുകള്‍ 450 രൂപയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പാചകവാതക സിലണ്ടറുകള്‍ക്ക് കേന്ദ്രം 200 രൂപ വെട്ടിക്കുറച്ചിരുന്നു. ഇതിന് ശേഷം രാജ്യത്തെ മിക്കയിടത്തും സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ നിലവിലെ വില ഏകദേശം 900 രൂപയാണ്.

വീണ്ടും പകുതിയോളം നിരക്ക് കുറച്ച് ഗ്യാസ് നല്‍കാനുള്ള തീരുമാനമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. രാജസ്ഥാൻ പോലുള്ള ചില കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകുന്നുണ്ട്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ നൽകുമെന്ന് മധ്യപ്രദേശിൽ നേരത്തെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

പ്രതിപക്ഷത്തിന്‍റെ ഈ നീക്കത്തെ തകര്‍ത്താണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചത്. മുഖ്യമന്ത്രി ലാഡ്‌ലി ബെഹ്‌ന യോജനയ്ക്ക് കീഴിൽ സംസ്ഥാനത്തെ 1.3 കോടി സ്ത്രീകൾക്കുള്ള പ്രതിമാസ ആനുകൂല്യം 1,250 രൂപയായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കവും. അതേസമയം, എൽപിജി സിലിണ്ടറിന്‍റെ വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ് ഈ ടപടിയെന്നും പ്രതിപക്ഷം വിമർശിച്ചിരുന്നു. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചത്. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. കർണാടക മോഡൽ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണിയുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.

പേഴ്സ് തുറന്നപ്പോൾ നിറയെ പണം! യുവാവിന്‍റെ കണ്ണ് നിറഞ്ഞുപോയി, ഹൃദയം തൊട്ട് ഒരു പ്രണയ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios