ദില്ലി: രാജ്യതലസ്ഥാനത്ത്  തൊഴിൽ തട്ടിപ്പിന് ഇരയായി മലയാളികൾ.  ഇരുപത്തിരണ്ട് മലയാളികൾ അടക്കം ഇരൂനൂറിലേറെ പേരിൽ നിന്ന് രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്.  ന്യൂസിലാൻഡിലേക്ക് ജോലി വാഗ്ദാനം നൽകി ദ്വാരകയിൽ പ്രവർത്തിക്കുന്ന ട്രീക്കോൺ ഏന്റർപ്രെസസ് എന്ന സ്ഥാപനമാണ്  പണം തട്ടിയതെന്നാണ് പരാതി. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വന്ന പരസ്യത്തിൽ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. 

ന്യൂസിലാൻഡിലെ കമ്പനികളിലേക്ക് വിവിധ ഒഴിവുകളിൽ ആളെ ആവശ്യമുണ്ടെന്ന് കാട്ടിയാണ് ട്രീക്കോൺ ഏന്റർപ്രെസസ് പരസ്യം നൽകിയത്. പരസ്യം കണ്ട് സ്ഥാപനത്തിലേക്ക് വിളിച്ചവരോട് ഇന്റർവ്യൂവിന് ദില്ലി എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ദില്ലി എത്തിയ ഉദ്യോഗാർത്ഥികളോട് മെഡിക്കൽ പരിശോധനയ്ക്കും മറ്റു ആവശ്യങ്ങളുടെയും പേരിൽ പതിനായിരം രൂപയിലധികം വാങ്ങി. മെഡിക്കൽ പരിശോധന പൂർത്തിയാക്കിവരോട് സെക്യൂരിറ്റി പണത്തിന് പകരം പാസ്പോര്‍ട്ട് വാങ്ങി. 

എന്നാൽ പിന്നീട് പലതവണ ബന്ധപ്പെട്ടിട്ടും ഇവരിൽ നിന്ന് വിവരങ്ങൾ കിട്ടിയില്ല. ഉദ്യോഗാർത്ഥികളുമായി സംസാരിച്ചിരുന്ന ഫോൺ നമ്പറുകളും ഓഫായ നിലയിലാണ്.  ഇതോടെ ഉദ്യോഗാർത്ഥികൾ പരാതിയുമായി ദ്വാരക പൊലീസിനെ സമീപിച്ചു. കൊവിഡ് കാലമായതിനാൽ കുറഞ്ഞ തുകയിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിലാണ് പലരും വീണത്. കടം വാങ്ങിയാണ് പലരും വലിയ തുകകൾ അടച്ചത്.  സംഭവത്തിൽ നിരവധി പരാതികൾ കിട്ടിയെന്നും രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടന്നതായി  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. വിഷയത്തിൽ പ്രതികരണത്തിനായി ട്രീക്കോൺ ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫീസ് പൂട്ടിയ നിലയിലാണ്.