12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണ് ജീവനക്കാര്‍ക്ക് നൽകിയിരിക്കുന്നത്...
ചെന്നൈ: കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരയ ജീവനക്കാര്‍ക്കായി ലാഭത്തിൽ (Profit) നിന്ന് 10 കോടി രൂപ മാറ്റിവച്ച് ഐടി കമ്പനി (IT Company). ചെന്നൈ ആസ്ഥാനമായുള്ള ഐഡിയാസ്2ഐടി (Ideas2IT) എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി 100 കാറുകൾ വാങ്ങി സമ്മാനമായി നൽകിയത്. സ്ഥാപക ചെയര്‍മാൻ മുരളി വിവേകാനന്ദന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രി വിവേകാനന്ദൻ കാറുകൾ ജീവനക്കാര്‍ക്ക് കൈമാറി.
ഈ കാറുകൾ സമ്മാനം നൽകുന്നത് ആദ്യ പടി മാത്രമാണ്. കമ്പനി ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും വിവേകാനന്ദൻ പറഞ്ഞു. തുടര്‍ച്ചയായ വളര്‍ച്ചയെ കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ സ്ഥാപിച്ച കമ്പനിക്ക് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് 56 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. വളര്‍ച്ചയുടെ ഒരു വിഹിതമാണ് കമ്പനി ജീവനക്കാര്‍ക്ക് നൽകുന്നതെന്ന് ഗായത്രി പറഞ്ഞു. 12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണ് ജീവനക്കാര്‍ക്ക് നൽകിയിരിക്കുന്നത്.
